പാഷന്‍ ഫ്രൂട്ട് കൃഷിയില്‍ വരുമാനം കണ്ടെത്തി വിന്‍സെന്റ്
വെള്ളമുണ്ട: ആദായം ലഭിക്കുന്ന ഒരേക്കര്‍ റബര്‍തോട്ടം വെട്ടിമാറ്റിയപ്പോള്‍ എടവക കുന്ദുമംഗലം കൊച്ചുകുടിയില്‍ വിന്‍സെന്റിനെ നോക്കി പലരും ചിരിച്ചു. വെട്ടിമാറ്റിയ സ്ഥലത്ത് മിക്ക സ്ഥലങ്ങളിലും തൊടികളില്‍ വീണ് നശിക്കുന്ന പാഷന്‍ ഫ്രൂട്ട് ചെടികള്‍ വച്ച്പിടിപ്പിക്കുന്നത് കണ്ട് പരിഹാസ ചിരിയുമായും പലരും വന്നു. എന്നാല്‍ പരിഹസിച്ചവര്‍ക്ക് മറുപടിയായി പാഷന്‍ ഫ്രൂട്ട്‌സ് പറിച്ച് വില്‍പ്പന നടത്തി വരുമാനം നേടിയാണ് വിന്‍സെന്റിന്റെ മധുര പ്രതികാരം.
കുന്ദുമംഗലം-മാനന്തവാടി റോഡരികിലായി വീടിനോട് ചേര്‍ന്ന ഒരേക്കറില്‍ പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പടര്‍ന്നുനില്‍ക്കുന്ന തോട്ടത്തില്‍ ഇപ്പോള്‍ നിറയെ ഫാഷന്‍ഫ്രൂട്ട് പഴുത്ത് നില്‍ക്കുകയാണ്. ഏപ്രില്‍ മാസത്തിലാണ് അഞ്ചിനങ്ങളിലുള്ള 400ഓളം തൈകള്‍ ഒരേക്കറില്‍ നട്ടത്. വാഴക്കുളം പാഷന്‍ഫ്രൂട്ട്‌സ് ഗവേഷണകേന്ദ്രം, അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുമാണ് തൈകളെത്തിച്ചത്.
ഇവിടങ്ങളില്‍ നിന്ന് വെള്ളമുണ്ട കൃഷി ഓഫിസര്‍ മമ്മൂട്ടിയില്‍ നിന്നും ലഭിച്ച അറിവാണ് ജില്ലയില്‍ അധികമില്ലാത്ത ഈ കൃഷിക്കായി പ്രയോജനപ്പെടുത്തുന്നത്. മുന്തിരിവള്ളികള്‍ പോലെ പടരുന്നതിനാല്‍ ഇതിനായി ജി.ഐ പൈപ്പുകള്‍ ഉപയോഗിച്ച് പന്തലൊരുക്കിയാണ് തൈകള്‍ നട്ടത്.
ഒന്നര അടി സമചതുരത്തില്‍ കുഴിയെടുത്ത് ചാണകം, വേപ്പിന്‍പിണ്ണാക്ക്, ചപ്പ് തുടങ്ങിയവ ഇട്ടതിന് ശേഷമാണ് തൈകള്‍ നടുന്നത്. നാലു മാസം കൊണ്ട് തന്നെ വള്ളികള്‍ പടര്‍ന്ന് പന്തലിക്കും. ജില്ലയില്‍ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന ഓഗസറ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് കായ്കള്‍ പഴുത്ത് വിളവെടുപ്പിനാവുന്നത്.
ചെടികള്‍ എട്ട് വര്‍ഷം വരെ ഫലം നല്‍കിക്കൊണ്ടിരിക്കുമെന്നതും കൃഷി തുടങ്ങാന്‍ വലിയ മുതല്‍ മുടക്കില്ലെന്നതുമാണ് പാഷന്‍ ഫ്രൂട്ട്‌സിന്റെ പ്രത്യേകത. ഒരേക്കര്‍ കൃഷിയിറക്കാന്‍ പന്തലിനായി ഉപയോഗിച്ച ജി.ഐ പൈപ്പ് ഉള്‍പ്പെടെ ഒന്നര ലക്ഷം രൂപയാണ് വിന്‍സെന്റിന് ചെലവ് വന്നത്. വിളവെടുപ്പിന് ശേഷവും കാര്യമായ പരിചരണം ചെടികള്‍ക്ക് നല്‍കേണ്ടതില്ല. ഉണങ്ങിയ കമ്പുകള്‍ കോതിമാറ്റി നല്‍കുകയാണ് വേണ്ടത്.
നല്ല വെയില്‍ ലഭിക്കുന്നിടത്തും ചൂടുകാലത്ത് ജലസേചന സൗകര്യമുള്ളിടത്തുമാണ് അധിക വിളവ് ലഭിക്കുന്നത്. നിലവില്‍ കിലോക്ക് 40രൂപ തോതില്‍ തോട്ടത്തില്‍ വന്ന് പഴങ്ങള്‍ തൂക്കിയെടുത്ത് കൊണ്ടുപോകാന്‍ നിരവധി കച്ചവടക്കാര്‍ രംഗത്തുണ്ട്.
ഡിമാന്‍ഡ് വര്‍ധിച്ചാല്‍ വില ഇനിയും കൂടുമെന്നാണ് വിന്‍സെന്റ് പറയുന്നത്. ഒട്ടേറെ ഔഷധഗുണങ്ങളുള്ള പാഷന്‍ ഫ്രൂട്ട് പകര്‍ച്ചപ്പനികളില്‍ രക്തത്തിലെ കൗണ്ട് കുറയുമ്പോള്‍ പ്രതിവിധിയെന്നോണം പലവിധത്തിലും ഉപയോഗിക്കുന്നുണ്ട്. വിദേശങ്ങളിലേക്ക് കയറ്റുമതി നടത്താനും പാഷന്‍ ഫ്രൂട്ടിന്റെ ജ്യൂസ്, സ്‌ക്വാഷ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാനും കൃഷി വ്യാപിപ്പിക്കുവാനുമാണ് വിന്‍സന്റ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."