ഉത്തരവിലൊതുങ്ങി നിയന്ത്രണങ്ങള്‍; അശാസ്ത്രീയ നിര്‍മാണം തകൃതി
മാനന്തവാടി: അഞ്ചും പത്തും സെന്റ് ഭൂമി മാത്രം കൈവശമുള്ള സാധാരണക്കാരന് വീട് നിര്‍മിക്കാനായി മണ്ണ് നീക്കം ചെയ്യാനും സ്ഥലം ശരിപ്പെടുത്താനും അനുമതിക്കായി അധികൃതരേ സമീപിക്കുമ്പോള്‍ നിയമത്തിന്റെ നൂലാമാലകള്‍ അവര്‍ക്ക് തടസമാകുമ്പോള്‍ വന്‍കിടക്കാര്‍ക്ക് ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കാനും റിസോര്‍ട്ട് നിര്‍മിക്കാനും നിയമങ്ങള്‍ ഉറക്കം നടിക്കുന്നു.
ചെവ്വാഴ്ച പടിഞ്ഞാറത്തറ നായിമൂലയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിനിടയാക്കിയതും അശാസ്ത്രീയമായ മണ്ണെടുപ്പും നിര്‍മാണവും തന്നെ. ഡാം റിസര്‍വോയറിനോടനുബന്ധിച്ച് നിര്‍മാണങ്ങള്‍ തടയണമെന്നും നിശ്ചിത ദൂരപരിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആറംഗ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടറുടെ മേശപ്പുറത്ത് നിലനില്‍ക്കെയാണ് നിര്‍മാണത്തിനിടെ കഴിഞ്ഞദിവസം അപകടമുണ്ടായത്.
ജില്ലയില്‍ ശക്തമായ മഴയുണ്ടാവുന്ന മാസങ്ങളില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിക്കുന്നതിന് ദുരന്തനിവാരണ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നിയന്ത്രണവും പാലിക്കപ്പെട്ടില്ല.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇവിടെ പ്രവൃത്തി നടന്നു വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ ഇളക്കി മാറ്റിയിട്ടിരുന്ന മണ്ണാണ് വീണ്ടും ആറ് മീറ്ററോളം ആഴത്തില്‍ കുഴിച്ച് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമുണ്ടാക്കിയത്. ചുമര്‍ നിര്‍മാണത്തിന് മുന്‍പായി റിട്ടേണ്‍ വാള്‍ കെട്ടി മണ്ണിടിയുന്നത് തടയാനും സംവിധാനമേര്‍പ്പെടുത്തിയിട്ടില്ല.
കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പായി മണ്ണെടുത്ത ഭാഗം കെട്ടി സംരക്ഷിച്ചിരുന്നുവെങ്കില്‍ അപകടമുണ്ടാവില്ലെന്നാണ് വിലയിരുത്തലുകള്‍.
സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടത്തേണ്ടതെന്ന ചട്ടവും എവിടെയും പാലിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."