അര്‍ധരാത്രി എ.ടി.എമ്മിലെ അലാറം മുഴങ്ങിയതു പരിഭ്രാന്തി പരത്തി
കാസര്‍കോട്: നഗരത്തിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് അര്‍ധരാത്രി അലാറം മുഴങ്ങിയതു പരിഭ്രാന്തി പരത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഐ.ഡി.ബി.ഐ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള എ.ടി.എം കൗണ്ടറില്‍ നിന്നാണു കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ വന്‍ ശബ്ദത്തില്‍ അലാറം മുഴങ്ങിയത്. ഇതിനു തൊട്ടടുത്തു തന്നെ ബാങ്ക് ശാഖയും പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ ബാങ്കില്‍ കള്ളന്‍ കയറിയതായി പരിസരത്തുണ്ടായിരുന്ന ആളുകള്‍ ശങ്കിച്ചു.
ഗണേശോത്സവം നടക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആളുകള്‍ കൂടി നിന്നു പടക്കം പൊട്ടിക്കുന്നതിനിടയിലാണ് എ.ടി.എമ്മിലെ അലാറം മുഴങ്ങിയത്. പടക്ക ശബ്ദവും മറ്റും ഉണ്ടായതോടെ എ.ടി.എം കൗണ്ടറിലെ അപായ സൂചന മറ്റു ബഹളത്തില്‍ മുങ്ങിപ്പോവുകയും ചെയ്തു. ഇതിനു തൊട്ടടുത്തായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരും മറ്റും ഓടിയെത്തി ബാങ്ക് പരിസരവും മറ്റും വീക്ഷിച്ചെങ്കിലും അസാധാരണമായി ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് എ.ടി.എം കൗണ്ടറിനടുത്തെത്തിയതോടെയാണ് അപായ സൂചന ഇവിടെ നിന്നാണെന്നു ആളുകള്‍ക്കു മനസിലായത്. അപകട സൂചന നല്‍കുന്ന അലാറം പത്തു മിനിറ്റിലധികം മുഴങ്ങിയിട്ടും ഇതിന്റെ കാവല്‍ക്കാരന് ഇതു നിര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു ബാങ്ക് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് അലാറം നിറുത്തിയത്.
എ.ടി.എം കൗണ്ടറില്‍ പണം എടുക്കാന്‍ വന്ന ആരുടെയോ കൈ അറിയാതെ മെഷീനിലെ കാമറയില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇതു മുഴങ്ങിയതെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."