അങ്കണവാടികള്‍ക്കു സമീപം കൊതുകു വളര്‍ത്തു കേന്ദ്രം
പനി, മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ പിഞ്ചുകുരുന്നുകളെ അങ്കണവാടികളിലേക്കു പറഞ്ഞു വിടാന്‍ അമ്മമാര്‍ മടി കാണിക്കുന്നതായി ജീവനക്കാര്‍ പറയുന്നു
ബദിയടുക്ക: അങ്കണവാടികളില്‍ സ്ഥാപിച്ച പൈപ്പ് കംപോസ്റ്റ് കൊതുകു വളര്‍ത്തു കേന്ദ്രങ്ങളാകുന്നു. സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അങ്കണവാടികളിലെ മാലിന്യങ്ങള്‍ സേഫ്റ്റി പൈപ്പില്‍ നിക്ഷേപിച്ചു ജൈവവളമുണ്ടാക്കി അങ്കണവാടി പരിസരങ്ങളില്‍ പച്ചക്കറി തോട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണു കൊതുകു വളര്‍ത്തു കേന്ദ്രമായത്. 2013ല്‍ ആരംഭിച്ച പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകള്‍ ഇപ്പോള്‍ ഉപേക്ഷിച്ച മട്ടാണ്. മൂന്നടി നീളത്തില്‍ രണ്ടടി വ്യാസത്തിലുള്ള രണ്ടു വീതം പി.വി.സി പൈപ്പുകളാണു സ്ഥാപിച്ചിരുന്നത്. ഒരു അങ്കണവാടിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ക്ക് 800 രൂപയാണു ചെലവ്. ഇതിന്റെ കരാര്‍ നല്‍കേണ്ട ചുമതല സാമൂഹ്യ ക്ഷേമ വകുപ്പിനായിരുന്നു. ദീര്‍ഘ വീക്ഷണമില്ലാതെയാണു പദ്ധതി നടപ്പാക്കിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചതല്ലാതെ മാലിന്യങ്ങള്‍ നിക്ഷേപിച്ച പൈപ്പുകളുടെ മുകള്‍ ഭാഗത്ത് അടപ്പു പോലും വെക്കാതെ കരാറുകാര്‍ പാതിവഴിയില്‍ പദ്ധതി പ്രവര്‍ത്തനം ഉപേക്ഷിക്കുകയാണുണ്ടായത്.
അങ്കണവാടികളില്‍ സ്ഥാപിച്ച പൈപ്പുകളില്‍ പലതും മാലിന്യങ്ങള്‍ നിറഞ്ഞും വെള്ളം കെട്ടിക്കിടന്നും കൊതുകു വളര്‍ത്തു കേന്ദ്രമാകുമ്പോള്‍ ചുരുക്കം ചില സെന്ററുകളില്‍ ജീവനക്കാര്‍ തന്നെ കാശു മുടക്കി പൈപ്പുകള്‍ക്കു മുകളില്‍ പ്ലാസ്റ്റിക് അടപ്പ് ഘടിപ്പിച്ചു സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. പനി, മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ പിഞ്ചുകുരുന്നുകളെ അങ്കണവാടികളിലേക്കു പറഞ്ഞു വിടാന്‍ അമ്മമാര്‍ മടി കാണിക്കുന്നതായി ജീവനക്കാര്‍ തന്നെ പറയുന്നു. കൊതുകു ശല്യം സഹിക്കാതെ പല അങ്കണവാടികളിലെയും പൈപ്പുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ ആരോഗ്യ സുരക്ഷിതം ഉറപ്പു വരുത്തുന്നതിനായി പൈപ്പുകളുടെ മുകള്‍ ഭാഗത്ത് അടപ്പ് ഘടിപ്പിച്ചു കൊതുക് ശല്യത്തില്‍ നിന്നു രക്ഷിക്കണമെന്നും അല്ലാത്ത പക്ഷം അധികൃതര്‍ സ്ഥാപിച്ച പൈപ്പ് നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഉയരുന്ന പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."