കെ.എസ്.ആര്.ടി.സി ലോഫ്ളോര്‍ ബസിന്റെ ഒറ്റയാള്‍ സര്‍വിസ്
വാടാനപ്പള്ളി: ബസില്‍ കയറാന്‍ നിരവധി യാത്രക്കാരുണ്ടായിട്ടും ആരെയും കയറ്റാതെ കെ.എസ്.ആര്.ടി.സിയുടെ ലോഫ്ലോര്‍ ബസ്. ഒരൊറ്റ യാത്രക്കാരനുമായി സര്‍വിസ് നടത്തിയത് കൗതുകവും കാത്തു നിന്നവര്‍ക്ക് ദുരിതവുമായി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നേകാലിനു ഗുരുവായൂരില്‍ നിന്നും എറണാകുളത്തേയ്ക്ക് പോയ ജെ.എന്‍.573 ലോഫ്ലോര്‍ ബസാണ് കൈ കാണിച്ചവരെയും ബസില്‍ കയറാന്‍ ഓടിയെത്തിയവരെയും റോഡരികില്‍തന്നെ നിര്‍ത്തി സഞ്ചാരം തുടര്‍ന്നത്.
ഗുരുവായൂരില്‍ നിന്നും ഒരു യാത്രക്കാരനുമായി പുറപ്പെട്ട ബസ് ഗുരുവായൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കയറാതെ ചാവക്കാട് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ നാലു യാത്രക്കാര്‍ ബസില്‍ കയറാന്‍ എത്തിയെങ്കിലും അവിടെ മറ്റൊരു കെ.എസ്.ആര്.ടി സിയെ കണ്ടതോടെ ഉടനെ സ്റ്റാര്‍ട്ട് ചെയ്ത് ആരെയും കയറ്റാതെ സര്‍വിസ് തുടരുകയായിരുന്നു. തുടര്‍ന്ന് കിലോ മീറ്റര്‍ സഞ്ചരിച്ച ശേഷം ബസ് ഗുരുവായൂരില്‍ നിന്നും കയറിയ ഒറ്റ യാത്രക്കാരനെ ചേറ്റുവ എം.ഇ.എസ് സെന്ററില്‍ ഇറക്കി.
ചേറ്റുവ മുതല്‍ വാടാനപ്പള്ളി വരെ ഒറ്റ യാത്രക്കാരും ഇല്ലാതെ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് പിന്നീട് യാത്ര. തുടര്‍ന്ന് വാടാനപ്പള്ളിയില്‍ നിന്നാണു യാത്രക്കാരെ കയറ്റിയത്. ഓണക്കാലമായിരിക്കെ നിരവധി ആളുകള്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് കെ.എസ്.ആര്.ടി.സിയുടെ ഈ ജനദ്രോഹ സമീപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."