ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കും വണ്‍വേയില്‍ ഇളവ് പരിശോധിക്കും
ചാവക്കാട്: അടുത്ത മാസം ഏഴിന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന നഗരത്തിലെ പുതുക്കിയ ട്രാഫിക് സംവിധാനം തുടരാന്‍ തീരുമാനം.
പരീക്ഷണാടിസ്ഥാനത്തില്‍ ബൈക്കുകള്‍ക്കും ഓട്ടോകള്‍ക്കും നാളെ (വെള്ളി) മുതല്‍ വണ്‍വേയില്‍ ഇളവ്. നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലാണീ തീരുമാനം. കഴിഞ്ഞ സെപ്തംബര്‍ ഏഴുമുതലാണ് നഗരത്തില്‍ ഗതാഗത സംവിധാനത്തില്‍ മാറ്റം
വരുത്തിയത്. പൊന്നാനി, കടപ്പുറം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഒന്നിച്ച് മുല്ലത്തറ മുതല്‍ ആരംഭിക്കുന്ന നഗരത്തിലെ
ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശമുയര്‍ന്നത്. പുതിയ മാറ്റം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയെങ്കിലും യാത്രക്കാര്‍ക്കും ചില ഭാഗങ്ങളിലെ വ്യാപാരികള്‍ക്കും ഈ മാറ്റത്തില്‍ വലിയ എതിര്‍പ്പുകളുണ്ടായി. യൂത്ത് കോണ്‍ഗ്രസ്, മര്‍ച്ചന്റ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ പ്രത്യക്ഷ സമരം നടത്തി.
നഗരത്തില്‍ ഗതാഗതക്കുരുക്ക് ഇപ്പോള്‍ കൂടിയിട്ടുണ്ടെങ്കിലും അത് റോഡിലെ കുഴികള്‍ കാരണമാണ്. ഗതാഗതം വണ്‍വെയാക്കിയത് ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ ചാവക്കാട് സെന്റര്‍ വരെ ഏനാമാവ് റോഡിന്റെ ഇരുവശത്തും അകത്തും പ്രവര്‍ത്തിക്കുന്ന നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് കച്ചവടം കുറഞ്ഞതായും ധന നഷ്ടമുണ്ടാക്കുന്നതായുമുള്ള പരാതിക്കിടയിലാണ് നിലവിലെ ട്രാഫിക് സംവിധാനം തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഓട്ടോ റിക്ഷകള്‍ക്ക് വണ്‍വേയില്‍ ഇളവു നല്‍കിയത് ഇക്കൂട്ടര്‍ക്ക് ആശ്വാസത്തിന് വക നല്‍കും. ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും തീരുമാനം ഗുണമുണ്ടാക്കും. കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരത്തില്‍ ബൈപ്പാസ് റോഡുകളില്‍ കാല്‍ നടയാത്രികര്‍ക്ക് നടപ്പാത നിര്‍മ്മാണം, നഗരത്തില്‍ വേഗത നിയന്ത്രണ സംവിധാനം, ട്രാഫിക് സിഗ്‌നല്‍ പ്രവര്‍ത്തന യോഗ്യമാക്കല്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു.
നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് താഹസില്‍ദാര്‍ അംബ്രോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി.സുരേഷ്,
ഗുരുവായൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം ഇബ്രാഹിംകുട്ടി, ദേശീയപാത വിഭാഗം അസി.എഞ്ചിനീയര്‍ സി.വി.സംഗീത, പി.ഡബ്ല്യു.ഡി. റോഡ്‌സ് അസി.എഞ്ചിനീയര്‍ സന്ധ്യ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."