നെയ്യാറ്റിന്‍കരയില്‍ ഒരുക്കിയ ആദിവാസി ഊര് ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിന്‍കര: നെയ്യാര്‍ മേളയോടനുബന്ധിച്ച് നെയ്യാറ്റിന്‍കരയില്‍ ഒരുക്കിയിട്ടുള്ള ആദിവാസി ഊരിന്റെ ഔപചാരികമായ ഉദ്ഘാടനം കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മേളയില്‍ ഔപചാരികമായി നിര്‍വഹിച്ചു.
സമൂഹത്തില്‍ ഇന്നും പാര്‍ശ്വവല്‍കരിക്കപ്പെടുന്ന ജനവിഭാഗമാണ് ആദിവാസി സമൂഹമെന്നും അവരെക്കൂടെ പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരേണ്ടത് നമ്മുടെയെല്ലാം കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നെയ്യാര്‍ മേള പോലുള്ള കൂട്ടായ്മകള്‍ അവരെക്കൂടെ ആഘോഷങ്ങളില്‍ കൂട്ടുചേര്‍ക്കാന്‍ പ്രേരണയാവുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചു കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെ.ആന്‍സലന്‍ എം.എല്‍.എ , എം.ഷാനവാസ് , അരുണ്‍ നാഥ് തുടങ്ങിയവരും പാലോട് ഇടിഞ്ഞാറ് കത്തിപ്പാറ വെട്ടിക്കാവ് ഭാഗത്തുനിന്നും മാധവന്‍ കാണി , ഭാര്യ മീനാക്ഷി കാണി , സുശീല കാണി , പൊന്നു കാണി തുടങ്ങിയ ആദിവാസി സഹൂഹത്തിലെ അംഗങ്ങളും പങ്കെടുത്തു.
സ്വന്തമായുള്ള വസ്തുവില്‍ കൃഷി ചെയ്യുവാന്‍ കാട്ടിലെ പന്നി , ആന , കാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങള്‍ അനുവദിക്കുന്നില്ലായെന്ന് അവര്‍ മന്ത്രിയോട് പരാതി പറഞ്ഞു. അവരുടെ ജീവിത മാര്‍ഗമാണ് കൃഷിയെന്നും അതു വന്യ മൃഗങ്ങള്‍ നശിപ്പിക്കുമ്പോള്‍ തങ്ങള്‍ക്കുന്നണ്ടാക്കുന്ന നാശത്തിന്റെ കണക്ക് ഇന്നു ഫയലുകളില്‍ ഒതുങ്ങി പോകുന്നു എന്ന് അവര്‍ കൂട്ടി ചേര്‍ത്തു.
തങ്ങള്‍ക്ക് അര്‍ഹമായ റേഷന്‍ പോലും യഥാസമയം കിട്ടുന്നില്ലായെന്ന് കൂട്ടത്തിലെ ചിലര്‍ സങ്കടത്തോടെ പരാതി പറഞ്ഞപ്പോള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്ന ഗൗരവത്തോടെ അക്കാര്യം പരിശോധിച്ച് വേണ്ടുന്ന നടപടി കൈക്കൊള്ളാമെന്നും മന്ത്രി അവര്‍ക്ക് ഉറപ്പ് നല്‍കി.
അവരുടെ ആവശ്യങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതോടൊപ്പം, അവരുടെ കുടുംബവിശേഷങ്ങള്‍ തിരക്കാനും ഓണാശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."