കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളില്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളില്‍ ഇനി സുരക്ഷാ ഉദ്യോഗസ്ഥരും. അടുത്തമാസം മുതല്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളിലായിരിക്കും തുടക്കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുക.
ഇതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ കെ.എസ്.ആര്‍.ടി.സി എം.ഡി മുഖ്യമന്ത്രിയുമായി നടത്തി. എത്ര ദീര്‍ഘദൂര സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി ഓപറേറ്റ് ചെയ്യുന്നതെന്നും ലൈറ്റ്‌നിങ് എക്‌സ്പ്രസ്, മള്‍ട്ടി ആക്‌സില്‍, മിന്നല്‍, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ ക്ലാസ്സുകള്‍ എത്രയെണ്ണമെന്നും എത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ വേണമെന്നുമുള്ള റിപ്പോര്‍ട്ട് മാനേജ്‌മെന്റ് നല്‍കണം.
കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷമായിരിക്കും റിപ്പോര്‍ട്ടിനാവശ്യമായ ഘടകങ്ങള്‍ നിശ്ചയിക്കുക. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിയുതിര്‍ക്കാനുള്ള (മുട്ടിനു താഴെ) അനുമതിയും ലഭ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. പൊലിസ് സുരക്ഷ ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഡി.ജി.പിക്കും കത്തുനല്‍കും.
കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ട്. ടി.പി സെന്‍കുമാര്‍ എം.ഡി ആയിരുന്നപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഫണ്ട് കണ്ടെത്താന്‍ കഴിയാതായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ ദീര്‍ഘദൂര ബസുകളില്‍ ജി.പി.ആര്‍.എസ് സംവിധാനം ഘടിപ്പിക്കാനാവശ്യമായ നടപടികളുമെടുക്കും.
ബസുകള്‍ക്കുള്ളില്‍ കാമറയും ബസ് കടന്നുപോകുന്ന സ്ഥലങ്ങള്‍ അറിയാനുള്ള എല്‍.ഇ.ഡി ഡിസ്‌പ്ലേയും ഘടിപ്പിക്കും.
അത്യാധുനിക സംവിധാനമുള്ള ബസുകള്‍ മാത്രം ദീര്‍ഘദൂര യാത്രക്ക് ഉപയോഗിക്കുന്നതിനും തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. മള്‍ട്ടി ആക്‌സില്‍ സംവിധാനമുള്ളവയിലും മറ്റ് അത്യാധുനിക വാഹനങ്ങളിലും മാത്രമാണ് ഓട്ടോമാറ്റിക് വാതിലുകളുള്ളത്.
ഇത് കൊള്ളക്കാര്‍ക്ക് വേഗത്തില്‍ തുറക്കാനോ അടയ്ക്കാനോ സാധിക്കില്ല. ബക്രീദ്, ഓണം പ്രമാണിച്ച് കേരളത്തിലേക്ക് റോഡ് മാര്‍ഗമെത്തുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിനുള്ള അടിയന്തര ഇടപെടല്‍ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി പൊലിസിന്റെ സഹായം തേടും. കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ സ്‌ക്വാഡുകളുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."