ഓണം സമാധാനപൂര്‍ണമാക്കാന്‍ നിര്‍ദേശങ്ങളുമായി ഡി.ജി.പി
തിരുവനന്തപുരം: ഓണം സമാധാനപൂര്‍ണമാകാന്‍ നിര്‍ദേശങ്ങളുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബെഹ്‌റ ഇക്കാര്യം നിര്‍ദേശിച്ചത്. വീട് പൂട്ടി ദൂരയാത്ര പോകുന്നവര്‍ ബന്ധപ്പെട്ട പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കണം. യാത്ര പോകുമ്പോള്‍ വീടുകളില്‍ സ്വര്‍ണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വെളിച്ചക്കുറവ് ഉള്ളപ്പോഴും ഉറക്കക്ഷീണമുള്ളപ്പോഴും വാഹനമോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മദ്യപിച്ചോ അമിതവേഗതയിലോ വാഹനമോടിക്കരുത്. അര്‍ധരാത്രിയിലും പുലര്‍കാലത്തുമുള്ള യാത്ര ഏറെ കരുതലോടെയാവണം.
സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. വിനോദയാത്ര പോകുന്നവര്‍ തങ്ങളുടെ കുട്ടികള്‍ പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പോകുന്നതും അപകട നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്ന സ്ഥലങ്ങളില്‍ പോകുന്നതും പ്രത്യേകം ശ്രദ്ധിക്കണം. നീന്തല്‍ അറിയാത്തവര്‍ ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക.
മുന്‍കൂട്ടി ആലോചിച്ചു തീരുമാനിച്ചുവേണം വിനോദയാത്രകള്‍ സംഘടിപ്പിക്കേണ്ടതെന്നും ഡി.ജി.പി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഓണക്കാലത്ത് മോഷണശ്രമങ്ങള്‍ കൂടുതല്‍ നടക്കാറുള്ളതിനാല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ പരമാവധി കുറച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഇതര സംസ്ഥാന തൊഴിലാളികള്‍, നാടോടി സംഘങ്ങള്‍, യാചകര്‍ തുടങ്ങി പല വേഷങ്ങളില്‍ കവര്‍ച്ചക്കാര്‍ എത്താറുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പൊതുസ്ഥലങ്ങളില്‍ മദ്യപാനം ഒഴിവാക്കുക. ലഹരിവസ്തുക്കള്‍, വ്യാജമദ്യം തുടങ്ങിയവയുടെ ഉപയോഗം തടയാന്‍ പൊലിസിനെ സഹായിക്കണം.
ഓണക്കാലത്ത് ഷോപ്പിങ്ങിനും മറ്റുമായി വരുന്നവര്‍ കഴിവതും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുക. സ്വന്തം വാഹനത്തില്‍ വരുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ സുരക്ഷിതമായി ലോക്ക് ചെയ്തിട്ടുണ്ടോ എന്നും ഗതാഗതതടസം ഉണ്ടാക്കിയിട്ടില്ലെന്നും ഉറപ്പുവരുത്തുക.
തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ കൂടെയുള്ള കുട്ടികള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ കൂട്ടംതെറ്റിപ്പോകാതെ സൂക്ഷിക്കുക. അപകടസാധ്യതകള്‍ കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കുക. ആഘോഷവേളകളില്‍ പടക്കം, പൂത്തിരി മുതലായവ അശ്രദ്ധമായി ഉപയോഗിക്കരുതെന്നും ഡി.ജി.പിയുടെ നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."