കതിരൂര്‍ മനോജ് വധം; പി. ജയരാജനെതിരേ യു.എ.പി.എ
കൊച്ചി: ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ജയരാജനെതിരേ യു.എ.പി.എ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന് മുഖ്യപങ്കുണ്ടെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച രണ്ടാം കുറ്റപത്രത്തിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനക്ക് കാരണം. മനോജിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജയരാജനെ കൂടാതെ മറ്റ് ആറുപേരെയും ഉള്‍പ്പെടുത്തിയാണ് കൊച്ചി സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന അവസാന അന്വേഷണ റിപ്പോര്‍ട്ടില്‍ 25 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 25ാം പ്രതിയാണ് ജയരാജന്‍. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാണ് ജയരാജന്‍ എന്നതുള്‍പ്പെടെ ശക്തമായ വാദങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഒന്നാം പ്രതിയായ വിക്രമനുമായി ജയരാജന്‍ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തി.
മനോജിനെ കൊലപ്പെടുത്തിയ സംഘത്തെ ഒളിവില്‍പോകാന്‍ സഹായിച്ചതും ജയരാജനാണ്. കൊലപാതകത്തിലൂടെ കണ്ണൂരിനെ ഭീകരാന്തരീക്ഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ സംഘം എത്തിയപ്പോള്‍ അന്വേഷണം വഴിതിരിച്ചുവിടാനാണ് ജയരാജന്‍ ശ്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൊലപാതകത്തിന് കൂട്ടുനിന്നതിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും പുറമെ, യു.എ.പി.എ വകുപ്പ് പ്രകാരമുള്ള ആസൂത്രണം, സംഘംചേരല്‍ എന്നീ കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മനോജ് ജയരാജനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു. ഇതിന് പകരംവീട്ടുന്നതിനാണ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
2014 സെപ്റ്റംബര്‍ ഒന്നിനായിരുന്നു മനോജ് കൊല്ലപ്പെടുന്നത്. തലശ്ശേരിയിലേക്ക് ഓമ്‌നി വാനില്‍ പോകവെ ബോംബെറിഞ്ഞതിനുശേഷം വാഹനത്തില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."