സ്ത്രീകള്‍ക്കെതിരായ അക്രമം ജനപ്രതിനിധികളില്‍ കൂടുതലും ബി.ജെ.പിയിലുള്ളവരെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളായിട്ടുള്ള ജനപ്രതിനിധികളില്‍ കൂടുതല്‍ പേരും ബി.ജെ.പിയില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതികളായിട്ടുള്ളത് 51 എം.പിമാരും എം.എല്‍.എമാരുമാണെന്നാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന എന്‍.ജി.ഒ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
51 ജനപ്രതിനിധികളില്‍ 48 പേര്‍ എം.എല്‍.എമാരും മൂന്നുപേര്‍ എം.പിമാരുമാണ്. ഇവരില്‍ 14 പേര്‍ ബി.ജെ.പിയില്‍ നിന്നുള്ളവരാണ്. ഏഴുപേരുമായി ശിവസേനയാണ് തൊട്ടുപിറകില്‍. സ്ത്രീകള്‍ക്കെതിരായ അക്രമ കേസുകളില്‍ പ്രതിയായ ആറുജനപ്രതിനിധികള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണ്. സ്ത്രീത്വത്തെ അപമാനിക്കുക, തട്ടിക്കൊണ്ടുപോകുക, വിവാഹത്തിന് നിര്‍ബന്ധിക്കുക, ബലാത്സംഗം ചെയ്യുക, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ് ഈ ജനപ്രതിനിധികള്‍.
തെരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ നിന്നുമാണ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ജനപ്രതിനിധികളുടെ എണ്ണം കണ്ടെത്തിയത്. എം.എല്‍.എമാര്‍ സമര്‍പ്പിച്ചിട്ടുള്ള 4,120 സത്യവാങ്മൂലങ്ങളില്‍ 4,078 എണ്ണവും, എം.പിമാരുടെ 776 സത്യവാങ്മൂലത്തില്‍ 774 എണ്ണവും പരിശോധിച്ചപ്പോഴുള്ള കണക്കാണിത്. ആകെ ജനപ്രതിനിധികളില്‍ 33 ശതമാനം ക്രിമിനല്‍ കേസ് പ്രതികളാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പ്രതിയായിട്ടുള്ള 334 പേര്‍ക്ക് വിവിധ സഭകളിലേക്ക് മത്സരിക്കാനുള്ള അവസരം രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കി. ഇതില്‍ 40 പേര്‍ പാര്‍ലമെന്റിലേക്കാണ് മത്സരിച്ചത്. 294 ക്രിമിനല്‍ കേസ് പ്രതികള്‍ക്കാണ് നിയമസഭകളിലേക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള 122 സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സരിച്ചിരുന്നു. ഇത്തരത്തിലുള്ള 19 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പാര്‍ലമെന്റിലേക്കും 103 പേര്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലുമാണ് മത്സരിച്ചത്. ഇവരുടെ എണ്ണത്തിലും ബി.ജെ.പി ഏറെ മുന്നിലാണ്. 48 പേര്‍ക്കാണ് ബി.ജെ.പി ടിക്കറ്റ് നല്‍കിയത്. ബി.എസ്.പി 36 പേര്‍ക്ക് സീറ്റ് നല്‍കിയപ്പോള്‍, 27 പേര്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള 65 ജനപ്രതിനിധികളുമായി സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 62 പേരുമായി ബിഹാറും, 52 പേരുമായി പശ്ചിമ ബംഗാളും തൊട്ടുപിന്നിലുണ്ട്. ഇവരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."