ബ്ലൂവെയില്‍: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
ചെന്നൈ: കൊലയാളി ഗെയിമായ ബ്ലൂവെയിലില്‍ അകപ്പെട്ട് രാജ്യത്ത് വിദ്യര്‍ഥികള്‍ മരിക്കുന്നത് തുടരുന്നു. തമിഴ്‌നാട്ടില്‍ ഇന്നലെ ഗെയിമിനടിപ്പെട്ട് ഒരു വിദ്യാര്‍ഥി മരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിജയപ്രദമല്ലെന്നാണ് വ്യക്തമാക്കുന്നത്.
19 കാരനും മധുര മാന്നാര്‍ തിരുമലൈ നായിക്കര്‍ കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയുമായ ജെ. വിഘ്‌നേഷാണ് വ്യാഴാഴ്ച്ച ഗെയിമിനടിപ്പെട്ട് ആത്മഹത്യ ചെയ്തത്. നിങ്ങള്‍ക്ക് ഗെയിമിലേക്ക് പ്രവേശിക്കാം എന്നാല്‍ അതില്‍ നിന്നൊരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് എഴുതിവച്ചാണ് വിഘ്‌നേഷ് ആത്മഹത്യ ചെയ്തത്. ഇത് കേവലം ഗെയിമല്ല അപകടമാണെന്നും ഇയാള്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
വിഘ്‌നേഷ് മരിച്ചത് കൊലയാളി ഗെയിമുമായി ബന്ധപ്പെട്ടാണെന്ന് സ്ഥിരീകരിച്ചതായി മധുര പൊലിസ് സൂപ്രണ്ട് മണിവണ്ണന്‍ അറിയിച്ചു. വിഘ്‌നേഷിന്റെ കൈയില്‍ ബ്ലൂവെയിലിന്റെ ചിത്രം വരച്ചിരുന്നു എന്ന് പൊലിസ് സംശയിക്കുന്നുണ്ട്. ആത്മഹത്യയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പൊലിസ് അന്വേഷിച്ച് വരികയാണ്. പതിവിലും കൂടുതല്‍ സമയം വിഘ്‌നേഷ് ഫോണില്‍ ചെലവഴിക്കുന്നതായി വിഘ്‌നേഷിന്റെ സുഹൃത്തുക്കളും മൊഴി നല്‍കി. എന്നാല്‍ വിദ്യാര്‍ഥി ബ്ലൂവെയില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ സുഹൃത്തുക്കള്‍ക്കാര്‍ക്കും ലഭിച്ചിരുന്നില്ല.
ബ്ലൂവെയില്‍ കളിച്ച് തമിഴ്‌നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ആത്മഹത്യയാണിത്. നേരത്തെ ബ്ലൂവെയില്‍ കളിച്ച് മുംബൈ, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.
ഈ ഗെയിമില്‍ അകപ്പെട്ട് ഇതിനോടകം നൂറിലധികം പേര്‍ ലോകത്ത് ആത്മഹത്യ ചെയ്തിട്ടുണ്ട്. ഗെയിമിന്റെ അപകട സ്വഭാവം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളിലും ബ്ലൂവെയിലിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരെയും യുവാക്കളെയുമാണ് ഗെയിം പ്രധാനമായും ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."