കക്കാടംപൊയില്‍ വാട്ടര്‍ തീം പാര്‍ക്കിനുള്ള ലൈസന്‍സ് റദ്ദ് ചെയ്യില്ല
കൂടരഞ്ഞി(കോഴിക്കോട്): കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്ക്കിന് പഞ്ചായത്ത് നല്കിയ ലൈസന്‍സ് റദ്ദ് ചെയ്യേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതി വീണ്ടും തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന ഭരണ സമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
പാര്ക്കിന് അനുമതി നല്‍കിയതുമായി ബന്ധപെട്ട രേഖകളില്‍ പോരായ്മകള്‍ ഉണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഭരണ സമിതി നിയമിച്ച ഏഴംഗ ഉപസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെയും നീരാക്ഷേപ പത്രങ്ങള്‍ 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ പഞ്ചായത്തിന് മുന്‍പാകെ സമര്‍പ്പിക്കണമെന്ന് കാണിച്ച് വാട്ടര്‍ തീം പാര്‍ക്കിന്റെ ഉടമക്ക് നോട്ടിസ് നല്‍കാനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിനു നല്കിയ നിരാക്ഷേപ പത്രം റദ്ദ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാക്ഷ്യപത്രം ഹാജരാക്കാന്‍ പാര്ക്കുടമക്ക് പഞ്ചായത്ത് കത്ത് നല്കാന് തീരുമാനിച്ചത്. നിലവില്‍ പാര്‍ക്കില്‍ ആരോഗ്യ ശുചിത്വ പ്രശ്നങ്ങളില്ലായെന്ന് സാക്ഷ്യപെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെയും നീരാക്ഷേപത്രവും പാര്‍ക്കുടമ ഹാജരാക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."