കരിപ്പൂരില്‍ പുതിയ ടെര്‍മിനലിനും റണ്‍വേ ഏപ്രണിനും പദ്ധതി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പദ്ധതി തയാറാക്കുന്നു. റണ്‍വേയുടെ തെക്ക് ഭാഗത്ത് പുതിയ ആഭ്യന്തര ടെര്‍മിനല്‍, വിമാനങ്ങള്‍ നിര്‍ത്തുന്ന ഏപ്രണ്‍ എന്നിവ നിര്‍മിച്ച് കൂടുതല്‍ വിമാനങ്ങള്‍ക്ക് സൗകര്യമൊരുക്കാനാണ് ശ്രമം.
നിലവില്‍ ചെറിയ 9 വിമാനങ്ങള്‍ നിര്‍ത്തിയിടാനുളള സൗകര്യമാണ് കരിപ്പൂരിലെ ഏപ്രണിലുള്ളത്. വലിയ വിമാനങ്ങള്‍ വരുന്നതോടെ ഇത് കുറയും. മൂന്ന് ചെറിയ വിമാനങ്ങള്‍ നിര്‍ത്തുന്ന സ്ഥലമെങ്കിലും വേണം വലിയ വിമാനം നിര്‍ത്താന്‍.
തിരക്ക് ഒഴിവാക്കാനായാണ് പുതിയ ടെര്‍മിനലും റണ്‍വേ ഏപ്രണും മറ്റൊരു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം. ഇതോടെ നിലവിലുള്ള സ്ഥലത്ത് വലിയ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. മുന്‍പ് വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തിയിരുന്ന സമയത്ത് റണ്‍വേ ഏപ്രണില്‍ പാര്‍ക്കിങ് പലപ്പോഴും അസാധ്യമായിരുന്നു. തിരക്കുള്ള സമയത്ത് റണ്‍വേയില്‍ തന്നെ വിമാനങ്ങള്‍ നിര്‍ത്തേണ്ട ഗതികേടായിരുന്നു.
ഈ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാനും വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ടെര്‍മിനലിലെ തിരക്ക് കുറക്കാനുമാണ് എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ പദ്ധതി തയാറാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പദ്ധതി രേഖ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും,ഡി.ജി.സി.എയ്ക്കും കൈമാറും. 168 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിനോട് എയര്‍പോര്‍ട്ട് അതോറിറ്റി ഏറ്റെടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ രണ്ട് നിലയിലുള്ള അന്തര്‍ദേശീയ ടെര്‍മിനല്‍ നിര്‍മാണം റണ്‍വേയുടെ കിഴക്ക് ഭാഗത്ത് നിലവില്‍ പുരോഗമിക്കുന്നുണ്ട്. ഇവിടെ ഏപ്രണ്‍ നിര്‍മാണവും നടക്കുന്നുണ്ട്. പുതിയ ടെര്‍മിനല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ തുറക്കാനാകും. ഇതോടെ നിലവിലെ അന്താരാഷ്ട്ര ടെര്‍മിനലിലെ തിരക്ക് കുറക്കാന്‍ സാധിക്കും.
കരിപ്പൂരില്‍നിന്ന് ബോയിങ് 777-200 ഇനത്തില്‍ പെട്ട വിമാനങ്ങള്‍ക്ക് സര്‍വിസിന് വ്യോമയാന മന്ത്രാലയം ഉപാധികളോടെ അനുമതി നല്‍കാമെന്ന് അറിയിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഇതോടെ രണ്ട് വര്‍ഷത്തിലേറെയായി മുടങ്ങിയ കരിപ്പൂര്‍-ജിദ്ദ, ഹജ്ജ് സര്‍വിസുകള്‍ പുനരാരംഭിക്കാനാകും.
കരിപ്പൂരില്‍ ബി. 777-200 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ സര്‍വിസ് നടത്തി പിന്മാറിയ വിമാന കമ്പനികളോട് നിലവിലെ സാഹചര്യത്തില്‍ പരിശോധന നടത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ: രണ്ട് വിമാനങ്ങള്‍ തിരിച്ചുവിട്ടു
കൊണ്ടോട്ടി: പ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂരില്‍ രണ്ട് വിമാനങ്ങള്‍ തിരിച്ചു വിട്ടു. ഇന്നലെ പുലര്‍ച്ചെ ദോഹയില്‍ നിന്നെത്തിയ ഖത്തര്‍ എയര്‍വെയ്‌സ്, ദുബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനങ്ങളാണ് കൊച്ചിയിലേക്കും ബംഗളൂരുവിലേക്കും തിരിച്ചു വിട്ടത്.
വിമാനങ്ങള്‍ കൃത്യസമയത്ത് തന്നെ കരിപ്പൂരിലെത്തിയിരുന്നെങ്കിലും പുലര്‍ച്ചെയുണ്ടായ മൂടല്‍മഞ്ഞ് ലാന്റിങ് തടസപ്പെടുത്തി. ഇതോടെയാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗം രണ്ടു വിമാനങ്ങളും തിരിച്ചുവിട്ടത്. ഇവ പിന്നീട് കരിപ്പൂരില്‍ തിരിച്ചെത്തി തുടര്‍ സര്‍വിസ് നടത്തി.
കരിപ്പൂരില്‍ വിമാന ലാന്റിങിനെ സഹായിക്കുന്ന സംവിധാനങ്ങളുടെ കാര്യക്ഷമതക്കുറവാണ് പ്രശ്‌നമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്‍സ്ട്രുമെന്റല്‍ ലാന്റിങ് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ടെങ്കിലും കനത്ത മഴയിലും മഞ്ഞിലും ഇവ കൊണ്ടും പൈലറ്റിന് റണ്‍വേയുടെ നേര്‍രേഖ കാണാന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."