ഉ.കൊറിയ: നയതന്ത്ര ചര്‍ച്ചയ്ക്കു തയാര്‍: യു.എസ്
വാഷിങ്ടണ്‍: ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങളുമായി പ്രകോപനം തുടരുന്നതിനിടെ നയതന്ത്ര ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് അമേരിക്ക. വിഷയത്തില്‍ നയതന്ത്ര പരിഹാരം കണ്ടെത്തുന്നതില്‍ നിന്നു അമേരിക്ക പിന്‍മാറിയിട്ടില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് അറിയിച്ചു.
നേരത്തെ ചര്‍ച്ച പ്രശ്‌നങ്ങള്‍ക്കു പരിഹാരമല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെയാണ് പ്രതിരോധ സെക്രട്ടറിയുടെ വിശദീകരണം വന്നത്. ഉത്തര കൊറിയയുമായി അമേരിക്ക ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനായി 25 വര്‍ഷക്കാലം ഏറെ പണം ചെലവാക്കുകയും ചെയ്തു. എന്നാല്‍, ചര്‍ച്ചയല്ല മറുപടി എന്നായിരുന്നു ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കിയത്.
നയതന്ത്ര നീക്കങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടതാണോ പ്രസിഡന്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജിം മാറ്റിസ്. പെന്റഗണില്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി സോങ് യങ് മൂവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാറ്റിസ് നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ അമേരിക്കയും ദ.കൊറിയയും പരസ്പരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പൗരന്മാരെയും രാജ്യത്തിന്റെ താല്‍പര്യത്തേയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം തനിക്കും സോങ് യങ്ങിനുമാണ് ഉള്ളത്. അക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മാറ്റിസ് വ്യക്തമാക്കി.
ഉ.കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ അമേരിക്കയെ ബഹുമാനിക്കാന്‍ തുടങ്ങിയതായാണു വിശ്വസിക്കുന്നതെന്നു ചൊവ്വാഴ്ച ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിനു പിറകെ ജപ്പാനു മുകളിലൂടെ ഉ.കൊറിയ മിസൈല്‍ പറത്തിയതാണ് ട്രംപിനെ വീണ്ടും പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ജപ്പാനു മുകളിലൂടെ ഉ.കൊറിയയുടെ മിസൈല്‍ പരീക്ഷണം. വടക്കന്‍ ജപ്പാനിലെ ഹൊക്കെയ്‌ദോ ദ്വീപിനു മുകളിലൂടെ സഞ്ചരിച്ച മിസൈല്‍ പസഫിക് സമുദ്രത്തിലാണ് പതിച്ചത്. 550 കി.മീ. ഉയരത്തില്‍ 2,700ഓളം കിലോമീറ്റര്‍ ദൂരത്തില്‍ മിസൈല്‍ സഞ്ചരിച്ചതായി ദക്ഷിണ കൊറിയ അവകാശപ്പെട്ടിരുന്നു.
ആയുധവേധ മിസൈലായിരുന്നു ഉ.കൊറിയ പറത്തിയത്. ഉ.കൊറിയന്‍ തലസ്ഥാനം പോങ്‌യാങ്ങിനു സമീപത്തെ സുനാന്‍ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 2009നു ശേഷം ആദ്യമായാണ് ജപ്പാനു മുകളിലൂടെ ഉ.കൊറിയയുടെ മിസൈല്‍ പറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."