ബ്ലൂവെയില്‍: ബുദ്ധികേന്ദ്രമെന്നു സംശയിക്കുന്ന 17കാരി അറസ്റ്റില്‍
മോസ്കോ: കൊലയാളി ഗെയിമായ ബ്ലൂവെയിലിന്റെ അഡ്മിനെന്നു കരുതപ്പെടുന്ന 17കാരി റഷ്യയില്‍ അറസ്റ്റില്‍. ബ്ലൂവെയിലിന്റെ അഡ്മിന് സ്ഥാനത്തുനിന്ന് ആദ്യമായാണ് ഒരു പെണ്‍കുട്ടി പിടിയിലാവുന്നത്. ഗെയിം പാതിവഴിയില്‍ നിര്ത്തിയവരെയോ അവരുടെ കുടുംബാംഗങ്ങളെയോ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കിഴക്കന്‍ റഷ്യയിലെ ഹബാറോസ്കി ക്രയ്യിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ നടന്ന റെയ്ഡിന്റെ ചിത്രങ്ങള്‍ റഷ്യന്‍ പൊലിസ് പുറത്തുവിട്ടു. ജയിലില്‍ കഴിയുന്ന ബ്ലൂവെയിലിന്റെ ഉപഞ്ജാതാവ് ഫിലിപ് ബുഡോകിന്റെ ചിത്രങ്ങളും ചാലഞ്ച് പൂര്‍ത്തിയായ പലരും അയച്ച ചിത്രങ്ങളും ഇവിടെനിന്നു കണ്ടെത്തി. ഭൂരിഭാഗം ചിത്രങ്ങളും ഗെയിമിന്റെ ഭാഗമായി ശരീരത്തിനു മുറിവേല്‍പ്പിച്ചതാണ്. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പൊലിസ് പറഞ്ഞു. 50 ഘട്ടങ്ങളായി ഒടുവില്‍ ആത്മഹത്യയിലേക്കു നയിക്കുന്നതാണ് ബ്ലൂവെയില്‍ ഗെയിം. ബ്ലൂവെയില്‍ ചാലഞ്ച് എന്നു പേരിട്ട ഗ്രൂപ്പിന്റെ അഡ്മിനും ഈ പെണ്‍കുട്ടിയാണ്. സ്വയം ശാരീരിക ഉപദ്രവം ഏല്ക്കുന്ന ഘട്ടങ്ങളാണ് ഇവര്‍ ഗെയിം കളിക്കുന്നവര്‍ക്കു നല്‍കിയത്. അംഗങ്ങളെ മാനസികമായി തകര്‍ക്കാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തിയിരുന്നു. പെണ്‍കുട്ടി നേരത്തെ ഗെയിം കളിച്ചിരുന്നതായി പൊലിസ് പറയുന്നു. ഗെയിമിന്റെ അഡ്മിന് സ്ഥാനം ഏറ്റെടുത്ത ഇവര്‍ സൈറ്റിലൂടെ കളിക്കുന്നവര്‍ക്കായി നിര്‍ദേങ്ങള്‍ നല്‍കിവരികയായിരുന്നു.
ബ്ലൂവെയില്‍ കളിച്ചു മരിക്കുന്നവരുടെ എണ്ണം ലോകത്ത് വര്‍ധിച്ചുവരികയാണ്. ഇതുവരെ 150 പേര് ഗെയിമിന്റെ ഭാഗമായി ആത്മഹത്യ ചെയ്തതായാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."