യു.എസ് ഓപണ്‍ ടെന്നീസ്; അട്ടിമറികള്‍ തുടരുന്നു
ന്യൂയോര്‍ക്ക്: സമീപ കാലത്ത് സ്പാനിഷ് കരുത്തന്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച് ശ്രദ്ധ നേടിയ കാനഡയുടെ കൗമാര താരം ഷപോവലോവ് യു.എസ് ഓപണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍. റാങ്കിങില്‍ തന്നേക്കാള്‍ മുന്നിലുള്ള ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങയെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചാണ് താരത്തിന്റെ മുന്നേറ്റം. ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ച്, ജോണ്‍ ഇസ്‌നര്‍, സാം ക്യുറെ എന്നിവരും മൂന്നാം റൗണ്ടിലേക്ക് കടന്നു.
വനിതാ വിഭാഗത്തില്‍ രണ്ടാം റൗണ്ടിലും കനത്ത അട്ടിമറികള്‍ തുടരുന്നു. ലോക ഒന്നാം നമ്പര്‍ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവ, മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന വോസ്‌നിയാക്കി, ലോക 11ാം നമ്പര്‍ താരം ക്രൊയേഷ്യയുടെ ഡൊമിനിക സിബുല്‍കോവ എന്നിവരാണ് രണ്ടാം റൗണ്ടില്‍ തന്നെ അട്ടിമറി നേരിട്ട് പുറത്തേക്കുള്ള വഴി കണ്ടത്.
വിലക്ക് മാറി തിരിച്ചെത്തിയ മരിയ ഷറപ്പോവ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. വെറ്ററന്‍ അമേരിക്കന്‍ താരം വീനസ് വില്ല്യംസ്, ചെക്ക് താരം പെട്ര ക്വിറ്റോവ, സ്പാനിഷ് താരം ഗെര്‍ബിനെ മുഗുരുസ എന്നിവരും മൂന്നാം റൗണ്ടിലെത്തി.
കരുത്തനായ വില്‍ഫ്രഡ് സോങക്കെതിരേ ആദ്യ രണ്ട് സെറ്റുകളും അനായാസം സ്വന്തമാക്കിയ ഷപോവലോവിന് മൂന്നാം സെറ്റില്‍ മാത്രമാണ് കടുത്ത പോരാട്ടം നേരിടേണ്ടി വന്നത്. ടൈ ബ്രേക്കറില്‍ സെറ്റ് പിടിച്ചെടുത്താണ് കനേഡിയന്‍ താരം ഫ്രഞ്ച് താരത്തെ അടിയറവ് പറയിച്ചത്. സ്‌കോര്‍: 6-4, 6-4, 7-6 (7-3).
ജര്‍മന്‍ താരം മായറെ അനായാസം വീഴ്ത്തിയാണ് സിലിച്ചിന്റെ മുന്നേറ്റം. മൂന്ന് സെറ്റ് പോരാട്ടത്തില്‍ 6-3, 6-3, 6-3 എന്ന സ്‌കോറിനാണ് ക്രൊയേഷ്യന്‍ താരം വിജയിച്ചത്.
വനിതാ പോരാട്ടത്തില്‍ ക്രൊയേഷ്യന്‍ താരം റൈബറികോവയാണ് ലോക ഒന്നാം നമ്പര്‍ താരമായ പ്ലിസ്‌കോവയ്ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. രണ്ട് സെറ്റ് പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കപ്പെട്ടത് ടൈ ബ്രേക്കറിലാണ്. സ്‌കോര്‍: 7-6 (7-4), 7-6 (7-3). റഷ്യന്‍ താരം ഏക്തറീന മകരോവയാണ് വോസ്‌നിയാക്കിയെ അട്ടിമറിച്ചത്. സ്‌കോര്‍: 6-2, 6-7 (5-7), 6-1.
ഹംഗേറിയന്‍ താരം തിം ബാബോസിനെ രണ്ടാം റൗണ്ടില്‍ കീഴടക്കിയാണ് ഷറപ്പോവയുടെ വിജയം. ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ നഷ്ടപ്പെട്ട ശേഷമാണ് റഷ്യന്‍ താരം തിരിച്ചടിച്ചത്. സ്‌കോര്‍: 6-7 (4-7), 6-3, 6-0.
വീനസ് വില്ല്യംസ് ഫ്രഞ്ച് താരം ഡോഡിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 7-6, 6-4. മുഗുരുസ ചൈനീസ് താരം ഡുവാന്‍ യിങ് യിങിനെ അനായാസം വീഴ്ത്തി. സ്‌കോര്‍: 6-4, 6-0. ഫ്രഞ്ച് താരം അലിസ് കോര്‍നെറ്റിനെയാണ് ക്വിറ്റോവ വീഴ്ത്തിയത്. സ്‌കോര്‍: 6-1, 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."