അറഫ സംഗമത്തിന് പരിസമാപ്തി: സഊദിയില്‍ ഇന്ന് ബലിപെരുന്നാള്‍
അറഫ: ദൈവീക വിളിക്കുത്തരം നല്‍കി ഒത്തുചേര്‍ന്ന അറഫാ സംഗമത്തിന് പരിസമാപ്തിയായി. തല്‍ബിയ്യത്തിന്റെ മന്ത്രവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ നിന്നും മടങ്ങി. അറഫയെ പാല്‍ക്കടലാക്കിയ ശുഭ്രവസ്ത്രധാരികളായ ഇരുപത്തിമൂന്നു ലക്ഷം തീര്‍ഥാടകര്‍ സൂര്യാസ്തമനത്തോടെ ജബലുറഹ്മയില്‍ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങി. വ്യാഴാഴ്ച്ച രാത്രി മുസ്ദലിഫയില്‍ രാപാര്‍ക്കുന്ന ഹാജിമാര്‍ പുലര്‍ച്ചെയാണ് മിനായിലേക്ക് തിരിക്കുക. ജംറകളില്‍ എറിയാനുള്ള ചെറിയ കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നും ഹാജിമാര്‍ ശേഖരിക്കും.
പുണ്യ നഗരികളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വ്യാഴാഴ്ച രാത്രിയോടെ മിനായിലെത്തി. ഇവിടെ നിന്നും പുണ്യ നഗരികളിലെ സൗകര്യങ്ങള്‍ നേരിട്ട് കണ്ടു രാജാവ് ഉന്നതാധികൃതരോടൊപ്പം യോഗം ചേര്‍ന്ന് ഹജ്ജിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി.
അതേസമയം, ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുത്തത് 23 ലക്ഷം ഹാജിമാരാണെന്നു ജനറല്‍ സ്റ്റാറ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി. ഏറ്റവും ഒടുവില്‍ പുറത്തു വിട്ട കണക്കുകളാണിത്.
വെള്ളിയാഴ്ച്ച സഊദിയില്‍ ബലി പെരുന്നാളാഘോഷം നടക്കുകയാണ്. ഹാജിമാര്‍ ജംറയില്‍ കല്ലേറ് നടത്തുന്ന ആദ്യ ദിവസമാണ് ബലിപെരുന്നാള്‍ ആഘോഷം നടക്കുക. മദീന, മക്ക ഹറം പള്ളികളും രാജ്യത്തെ മറ്റു പള്ളികളും ഗാഹുകളും പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."