വിദ്യാഭ്യാസ വകുപ്പിന് പരീക്ഷ നടത്തുന്നതിന് ആശയക്കുഴപ്പം
കല്‍പ്പറ്റ: ക്ലാസുകള്‍ക്ക് തടസം വരാതെ പരീക്ഷ നടത്തണമെന്ന് ജില്ലാ വിദ്യഭ്യാസ ഓഫിസര്‍(ഡി.ഇ.ഒ), മുന്‍ നിശ്ചയിച്ച സമയക്രമമനുസരിച്ച് പരീക്ഷ നടത്തണമെന്ന് പൊതുവിദ്യഭ്യാസ അഡിഷണല്‍ ഡയരക്ടര്‍(എ.ഡി.പി.ഐ), പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ ആര് നല്‍കുമെന്നറിയാതെ ജില്ലയിലെ പ്രധാനാധ്യാപകര്‍, പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ ഓണാവധിക്കാലത്ത് എങ്ങിനെ തയ്യാറാക്കുമെന്ന ആശങ്കയോടെ അധ്യാപകര്‍.
സെപ്റ്റംബര്‍ 11ന് നടക്കേണ്ട മാറ്റിവച്ച പരീക്ഷയെ കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് ആശയകുഴപ്പം. കനത്ത മഴ കാരണം ഓഗസ്റ്റ് 29ന് ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. ഇതുകാരണം 1 മുതല്‍ 12 വരെ ക്ലാസുകളിലെ പാദവാര്‍ഷിക പരീക്ഷ നടത്താനായില്ല. അവധിയായതിനാല്‍ മാറ്റിവെക്കപ്പെട്ട പരീക്ഷ ഓണാവധി കഴിഞ്ഞ് നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.
സെപ്റ്റംബര്‍ 11ന് മുന്‍നിശ്ചയിച്ച സമയക്രമം പാലിച്ച് നടത്തണമെന്നും അതാത് സ്‌കുളുകളില്‍ തന്നെ ചോദ്യപേപ്പര്‍ തയ്യാറാക്കണമെന്നും പൊതുവിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍(ജനറല്‍) ജെസ്സി ജോസഫ് നിര്‍ദേശിക്കുന്നു. മാറ്റിവെക്കപ്പെട്ട പരീക്ഷ നടത്തുന്നത് സംബന്ധിച്ച് വിചിത്രമായ സര്‍ക്കുലറാണ് ജില്ലാ വിദ്യാഭ്യാസ അധികാരി(ഡി.ഇ.ഒ) പുറത്തിറക്കിയത്. 2017 ഓഗസ്റ്റ് 29ന് നടത്തേണ്ടിയിരുന്ന 1 മുതല്‍ 10 വരെ ക്ലാസുകളിലെ പരീക്ഷ ഓഗസ്റ്റ് 11ന് നടത്തണമെന്ന് ഓഗസ്റ്റ് 30 നിര്‍ദേശം നല്‍കുകയുണ്ടായി.
ക്ലാസുകള്‍ക്ക് തടസമില്ലാതെ ആയിരിക്കണമെന്നും ചോദ്യപേപ്പര്‍ സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കണമെന്നും പ്രധാനാധ്യാപകര്‍ ഇത് കര്‍ശനമായി പാലിക്കണമെന്നും ഡി.ഇ.ഒ നിര്‍ദേശിച്ചു.
ഇത് ക്ലാസ് പരീക്ഷയാണോ സംസ്ഥാനതലത്തില്‍ നടത്തുന്ന പരീക്ഷയുടെ ഭാഗമാണോ എന്നായി പ്രധാനാധ്യാപകര്‍. തെറ്റ് ചൂണ്ടികാണിച്ചിട്ടും ഡി.ഇ.ഒ ഇതുവരെ സര്‍ക്കുലര്‍ പിന്‍വലിക്കുകയോ തിരുത്താനോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല. ജില്ലയില്‍ പരീക്ഷയുള്‍പ്പെടെയുള്ള അക്കാദമിക ചുമതല ഡയറ്റ്, എസ്.എസ്.എ, ആര്‍.എം.എസ്.എ സംയുക്തമായാണ് ചെയ്യാറുള്ളത്.
ഇക്കഴിഞ്ഞ ജുലൈ മാസം ജില്ലയില്‍ നടത്തിയ ഏകീകരിച്ച പരീക്ഷക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയത് ഡയറ്റ്, എസ്.എസ്.എ, ആര്‍.എം.എസ്.എ സംയുക്തമായിരുന്നു. ഓണം അവധിയായതിനാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അവര്‍ കൈയൊഴിഞ്ഞു. ജില്ലാ വിദ്യഭ്യാസ ഉപഡയരക്ടര്‍(ഡി.ഡി.ഇ), ജില്ലാ വിദ്യഭ്യാസ ഓഫിസര്‍(ഡി.ഇ.ഒ) എന്നിവര്‍ പരീക്ഷയും അനുബന്ധ നടപടികളും പ്രധാനാധ്യാപകരുടെ ചുമതലയാണെന്ന നിലപാടിലാണ്.
ഏകീകരിച്ച് നടത്തേണ്ട പരീക്ഷക്കുള്ള ചോദ്യപേപ്പര്‍ ജില്ലാ തലത്തില്‍ തന്നെ തയ്യാറാക്കണമെന്നാണ് അധ്യാപകരുടെ പക്ഷം. ഇതിനായി അടിയന്തര ശില്‍പശാല സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. ഒന്നും രണ്ടും ക്ലാസുകളില്‍ മലയാളം, കണക്ക് പരീക്ഷയാണ് നടക്കാനുള്ളത്.
മൂന്നാം ക്ലാസില്‍ വിവിധ ഭാഷകള്‍. നാലില്‍ ഇംഗ്ലീഷ്, അഞ്ചില്‍ സോഷ്യല്‍ സയന്‍സ്, ആറില്‍ ഹിന്ദി, ഏഴില്‍ ഇംഗ്ലീഷ്, മലയാളം രണ്ട്, എട്ട്, ഒന്‍പത്,പത്ത് ക്ലാസുകളില്‍ കണക്ക് വിഷയങ്ങളുടെ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്‌സ്,ഹിസ്റ്ററി വിഷയങ്ങളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസ്‌ക്‌സ് പരീക്ഷയുമാണ് മാറ്റിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."