ജി.എസ്.ടി; ഇന്‍സ്റ്റന്റ് ഓണസദ്യയുണ്ടാല്‍ കൈപൊള്ളും
കൊച്ചി: ഓണത്തിന് തീയലും തോരനും ചോറും പായസും സ്വന്തം അടുക്കളയില്‍ ഉണ്ടാക്കി ഒരുമിച്ചിരുന്ന് സദ്യയുണ്ണുന്ന കാലം പോയി മറഞ്ഞു. ജീവിത തിരക്കേറിയപ്പോള്‍ ഓണസദ്യയുണ്ടാക്കാന്‍പോലും മലയാളിക്ക് സമയമില്ലാതായി. ഇതോടെ ഭൂരിഭാഗം മലയാളികളുടെയും ഓണസദ്യ കാറ്ററിങ്ങ് യുനിറ്റുകളും ഹോട്ടലുകളുമേറ്റെടുത്തു. അത്തം തുടങ്ങിയതുമുതല്‍ തിരുവേണത്തിനുള്ള സദ്യയുടെ ബുക്കിങ്ങുമായി ഇവര്‍ മുന്നിലുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇന്‍സ്റ്റന്റ് ഓണസദ്യ കൈപൊള്ളിക്കുന്ന അവസ്ഥയാണ്. ജി.എസ്.ടിയാണ് ഇതിനു കാരണം.
ഹോട്ടല്‍ ഭക്ഷണത്തിന് ഒരു ശതമാനത്തില്‍ താഴെമാത്രമായിരുന്ന നികുതി ജി.എസ്.ടിയുടെ വരവോട് 18 ശതമാനമായി ഉയര്‍ന്നത് റെഡിമേയ്ഡ് ഓണസദ്യയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാളും 20 ശതമാനംവരെ സദ്യക്ക് വില കൂടി. കാറ്ററിങ് സര്‍വീസുകാര്‍ 150 മുതല്‍ 250 രൂപയ്ക്ക് ഓണസദ്യ വിളമ്പുമ്പോള്‍ ഹോട്ടല്‍ ഓണസദ്യക്കു ആയിരം രൂപവരെ നല്‍കണം. ഓലനും കാളനും അവിയലും സാമ്പാറും തോരനും പച്ചടിയും കിച്ചടിയും രണ്ടുകൂട്ടം പ്രഥമനും പഴവും പപ്പടവുമൊക്കെയുള്ള സദ്യയ്ക്കാണിത്.
നഗരത്തിലെ പ്രധാന കാറ്ററിങ് ഗ്രൂപ്പുകള്‍ റെഡിമേയ്ഡ് ഓണസദ്യ നല്‍കുന്നത് 150 രൂപയ്ക്കാണ്. ജി.എസ്.ടി ഒഴികെയുള്ള നിരക്കാണിത്. ജി.എസ്.ടി കൂടി കണക്കാക്കിയാല്‍ നൂറു പേര്‍ക്കുള്ള സദ്യക്ക് 2520 രൂപ അധികം നല്‍കണം. സദ്യക്കൊപ്പം വിളമ്പാന്‍ ആളുകളെക്കൂടി വേണമെങ്കില്‍ ഇലയൊന്നിന് 10 രൂപ അധികമായി നല്‍കേണ്ടിവരും. ഓഫിസുകളില്‍നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമൊക്കെയാണു കൂടുതല്‍ ബുക്കിങ്. തിരുവോണം നാളില്‍ വീടുകളിലേക്കുള്ള സദ്യയുടെ ബുക്കിങും കൂടിയിട്ടുണ്ട്.
ഹോട്ടലുകളില്‍ ഇത്തവണ ഓണസദ്യകഴിക്കുന്നവരുടെ കൈപൊള്ളുമെന്ന് ഉറപ്പാണ്. സാധാരണ ഹോട്ടലുകളെ ജി.എസ്.ടി അധികം ബാധിച്ചിട്ടില്ലെങ്കിലും സാധനങ്ങളുടെ വിലക്കയറ്റം ഓണസദ്യയേയും പിടികൂടിയിട്ടുണ്ട്. 150 മുതല്‍ 200 രൂപവരെയാണു സാധാരണ ഹോട്ടലുകളിലെ സദ്യയുടെ വില. 20 ലക്ഷത്തിനു മുകളില്‍ കച്ചവടം നടക്കുന്ന എ.സി അല്ലാത്ത ഹോട്ടലുകളാണെങ്കില്‍ ജി.എസ്.ടി ഉള്‍പ്പടെ 300 രൂപവരെയാകും. സ്റ്റാര്‍ പദവി ഇല്ലാത്ത എ.സി റസ്റ്റോറന്റുകളില്‍ നിന്നു സദ്യ കഴിക്കണമെങ്കില്‍ 350 രൂപയും 18 ശതമാനം ജി.എസ്.ടിയും നല്‍കണം. 500 രൂപ മുതലാണു സ്റ്റാര്‍ ഹോട്ടലുകളിലെ ഓണസദ്യയുടെ വില. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വന്നാല്‍ അത് ആയിരം വരെയാകും. ഉത്രാടം, തിരുവോണം നാളുകളിലേ ഹോട്ടലുകളില്‍ ഓണസദ്യ വിളമ്പാറുള്ളു.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും കാണം വിറ്റാണെങ്കിലും ഓണം ഉണ്ണണമെന്ന നിഷ്ഠ കൈവിടാത്തവ മലയാളികള്‍ക്ക് ജി.എസ്.ടി ിരു വിഷയമേയല്ലെന്നാണ് സദ്യവിപണി നല്‍കുന്ന സൂചന. ഓണസദ്യയ്ക്കുവേണ്ടി അഞ്ഞൂറും ആയിരവുമൊന്നും മുടക്കാന്‍ മലയാളിക്ക് ഒരുമടിയുമില്ല. അതാണു മലയാളിയുടെ ഓണം സ്പിരിറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."