ഇടവേളയ്ക്കുശേഷം ഇടുക്കിയില്‍ വീണ്ടും കഞ്ചാവ് കൃഷി വേരുറപ്പിക്കുന്നു
തൊടുപുഴ: വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കുശേഷം ഇടുക്കി ജില്ലയില്‍ വീണ്ടും കഞ്ചാവ് കൃഷി സജീവമാകുന്നു. ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ സര്‍ക്കാര്‍ അധീനതയിലുള്ള വനപ്രദേശങ്ങളിലും ചില ആദിവാസി മേഖലകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് കൃഷി വേരുറപ്പിക്കുന്നത്. ഇതിനൊപ്പം അന്യസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കഞ്ചാവ് ജില്ലയിലാകമാനം വിറ്റഴിക്കപ്പെടുന്നുമുണ്ട്.
സമീപകാലത്ത് ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട നിരവധി പേര്‍ അറസ്റ്റിലായത് ലഹരിയുടെ വ്യാപനത്തിന്റെ തെളിവാണ്. ഇടുക്കിയിലെ അനുയോജ്യമായ കാലാവസ്ഥയാണ് കഞ്ചാവ് കൃഷിക്കാരെ വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പതിറ്റാണ്ട് മുന്‍പ് കഞ്ചാവ് കൃഷി ഏതാണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ലഹരി വിരുദ്ധ നടപടികളുടെ അഭാവവുമാണ് ഇടുക്കിയുടെ മലമടക്കുകളില്‍ വീണ്ടും കഞ്ചാവ് പൂത്തുലയാന്‍ വഴിയൊരുക്കുന്നത്.
രാജ്യാന്തര വിപണിയില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുന്ന ഇനത്തില്‍പ്പെട്ട കഞ്ചാവ് വളരാന്‍ ഏറ്റവും അനുകൂല സാഹചര്യമുള്ള മണ്ണ് ജില്ലയിലേതാണ്. അടുത്ത നാളുകളില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവങ്ങളില്‍ കണ്ടെടുത്തവയില്‍ പലതും മുന്‍പ് ഇടുക്കിയില്‍ തഴച്ചു വളര്‍ന്നിരുന്ന നീലച്ചെടയന്‍ എന്ന ഇനമാണ്. അതിര്‍ത്തിമേഖലകളിലെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടി പരിശോധിച്ചാല്‍ കഞ്ചാവിന്റെ ഉറവിടങ്ങളില്‍ പലതും ഇടുക്കിയിലെ ഉള്‍വനങ്ങള്‍ തന്നെയാണെന്ന് മനസിലാക്കാനാവും.
തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന ഉള്‍വനങ്ങളാണ് കഞ്ചാവ് കൃഷിക്കാരുടെ സുരക്ഷിത താവളം. മൂന്നാര്‍, കമ്പം, തേനി തുടങ്ങിയ ടൗണുകളുമായി ചേര്‍ന്നാണ് ഇക്കൂട്ടരുടെ പ്രധാന ഇടപാടുകള്‍. കേരളത്തിന്റെ വനഭൂമിയില്‍ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ് കഞ്ചാവ് കൃഷിക്കാരുടെ ഇഷ്ടകേന്ദ്രം. കടവരി, കമ്പക്കല്ല്, കൊട്ടാക്കമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധിയാര്‍ജിച്ച സ്ഥലങ്ങളാണ്.
ഏതാണ്ട് 11 കൊല്ലം മുമ്പാണ് ഇടുക്കിയില്‍നിന്നു കഞ്ചാവിനെ പടിയിറക്കിയത്. 1991-1996 കാലഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം മന്ത്രിയും ആയിരിക്കേ, ഇരുവരുടെയും ശ്രമഫലമായി ഈ മേഖലകളിലെ കഞ്ചാവ് കൃഷിക്കെതിരേ ശക്തമായ നടപടിയുണ്ടായി. ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും നേരിട്ടെത്തി കടവരിയിലെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിക്കാന്‍ നേതൃത്വം നല്‍കി. പിന്നീട് എല്‍. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് വനം മന്ത്രി ബിനോയ് വിശ്വവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ഇതോടെ ഏറെക്കുറെ കഞ്ചാവ് കര്‍ഷകരെല്ലാംതന്നെ ജില്ലയില്‍നിന്നു പിന്തിരിഞ്ഞു.
കുറെക്കാലമായി ശക്തമായ പരിശോധന ഇല്ലാത്തത് കൃഷിക്കാരെ വീണ്ടും ആകര്‍ഷിച്ചു തുടങ്ങി. കൃഷിയും പുനരാരംഭിച്ചു. നര്‍ക്കോട്ടിക്, എക്‌സൈസ് വകുപ്പുകളുടെ പരിമിതികള്‍തന്നെയാണ് പരിശോധനയ്ക്ക് തടസമാകുന്നത്. ആധുനിക ആയുധങ്ങളൊന്നും അവര്‍ക്കില്ല.
സഞ്ചരിക്കാന്‍ വാഹന സൗകര്യങ്ങളുടെ അഭാവവും വലിയ ഓപ്പറേഷനുകള്‍ക്കുള്ള ഭാരിച്ച ചെലവും തടസങ്ങളാണ്. ഇതൊക്കെ മുതലെടുത്താണ് കഞ്ചാവ് ലോബി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. കഞ്ചാവ് കര്‍ഷകരെയും ചന്ദനക്കൊള്ളക്കാരെയും മറയൂര്‍ കാടുകളില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെ പട്ടാള പരിശീലന ക്യാംപ് മറയൂര്‍ കാടുകളില്‍ ആരംഭിക്കുകയെന്ന നിര്‍ദേശം മുമ്പ് ഉണ്ടായിരുന്നെങ്കിലും നടപ്പായില്ല. ഇപ്പോള്‍ ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലായ മറയൂര്‍ കാടുകളില്‍ കഞ്ചാവ് കൃഷിക്കാര്‍ക്ക് നല്ല കാലമാണ്. ഇതിനു പുറമെ, ദേവികുളം താലൂക്കില്‍ ഉള്‍പ്പെട്ട ചില ആദിവാസി കുടികളില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തുന്നതായ വിവരവും ലഭിച്ചിട്ടുണ്ട്.
കഞ്ചാവ് കൃഷിയെ പതിറ്റാണ്ട് മുന്‍പ് തുരത്തിയെങ്കിലും വില്‍പ്പനക്കാരെ ഇടുക്കിയില്‍ നിന്ന് പൂര്‍ണമായും തുരത്താന്‍ കഴിഞ്ഞിരുന്നില്ല. ഒറീസ, കര്‍ണാടക, മഹാരാഷ്ട്ര, ഝാര്‍ക്കണ്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേയ്ക്ക് കഞ്ചാവ് എത്തിക്കൊണ്ടിരുന്നു. ഉപഭോഗം കൂടിയ തോതിലായതിനാല്‍ പ്രധാന വിപണികളിലൊന്നായി കേരളം മാറി.
കേരളത്തിന്റെ അതിര്‍ത്തി മേഖലകളിലുള്ള തമിഴ്‌നാട് ഗ്രാമങ്ങളില്‍ എത്തിച്ച് സ്റ്റോക്ക് ചെയ്തശേഷമാണ് ചരക്ക് കേരളത്തിലേയ്ക്ക് കടത്തുന്നത്. ഇതിനായി പ്രത്യേക കാരിയര്‍മാരെ കണ്ടെത്തുന്നു. ഈ വര്‍ഷം തന്നെ ഇടുക്കിയില്‍ പിടിയിലായ പത്തിലധികം പേര്‍ കാരിയര്‍മാര്‍ മാത്രമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് കൃഷിക്കാരെയോ കച്ചവടക്കാരെയോ അറിയില്ല. ഇടനിലക്കാരാണ് ഇവര്‍ക്ക് ചരക്കും കടത്തുകൂലിയും നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."