തൊഴിലാളികള്‍ എം.ഡിയുടെ വാഹനം തടഞ്ഞു
ഇരിട്ടി: ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മുടങ്ങിയ ശമ്പളം അനുവദിക്കുക, പ്ലാന്റേഷന് തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ തൊഴിലാളികളായി അംഗീകരിച്ച് ആനുകൂല്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറളം ഫാമിലെ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞദിവസം മാനേജ്മെന്റുമായി തൊഴിലാളി യൂനിയനുകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഫാം എം.ഡിയുടെ വാഹനം തൊഴിലാളികള്‍ തടഞ്ഞു. എം.ഡി ടി.കെ വിശ്വനാഥന് നായര്‍ക്ക് ഫാമില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സമരം എ.ഐ.ടി.യു.സി നേതാവ് കെ.ടി ജോസ് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ നേതാക്കളായ കെ.കെ ജാനാര്‍ദ്ദനന്‍, പി.ഡി ജോസ്, ആര്. ബാലകൃഷ്ണപിള്ള, കെ. വേലായുധന് സംസാരിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ സമര പന്തലിലെത്തി പിന്തുണയറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഫാം ഓഫിസിന് മുന്നില്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."