സ്വത്ത് തട്ടിയെടുക്കല്‍: തളിപ്പറമ്പിലും ഗൂഢാലോചന
തളിപ്പറമ്പ്: സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി റജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ ദുരൂഹമരണവും കോടികളുടെ സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട കേസന്വേഷണം പുരോഗമിക്കുമ്പോള്‍ ബാലകൃഷ്ണന്റെ പിതാവ് ഡോ. കുഞ്ഞമ്പുനായരുടെ കോടികളുടെ സ്വത്ത് തട്ടിയെടുക്കുന്നതിനായി നടന്ന ശ്രമങ്ങള്‍ പുറത്തുവരുന്നു.
അവസാനമായി തൃച്ഛംബരം ദേശിയപാതയോരത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലം ഡോ. കുഞ്ഞമ്പുനായര്‍ തങ്ങള്‍ക്ക് വില്‍പ്പന നടത്തിയതാണെന്ന അവകാശവാദവുമായി രംഗത്തുവന്നവര്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ സ്വത്ത് തട്ടിയെടുക്കുന്നതിന് തളിപ്പറമ്പിലും ഗൂഢാലോചനകള്‍ നടന്നു എന്നതിന്റെ സൂചനകളാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സമാന രീതിയില്‍ തന്നെ തൃച്ഛംബരം അമ്പലം റോഡിലെയും അമ്മാനപ്പാറയിലെയും ഭ്രാന്തന്‍ കുന്നിലെയും കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈക്കലാക്കാന്‍ പല വ്യാജരേഖകളും ഉണ്ടാക്കിയതായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലമുളള വന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ ആണെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. തൃച്ഛംബരം ദേശീയപാതയോരത്തെ സ്ഥലം സംബന്ധിച്ച വിവാദത്തില്‍ ഡോ. കുഞ്ഞമ്പു നായരുടെ മക്കള്‍ക്കെതിരേ തൃച്ഛംബരം പെട്രോള്‍ പമ്പിന് സമീപത്തെ പുതിയവീട്ടില്‍ അനില്‍കുമാറും അമ്മ ഓമനയും തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.
1963ല്‍ ഓമനയുടെ ഭര്‍ത്താവ് സി. ഗോവിന്ദന് ഡോ. കുഞ്ഞമ്പു നായര്‍ സെന്റിന് 75 രൂപ വാങ്ങി വില്‍പ്പന നടത്തിയെന്നാണ് ഹരജിയില്‍ ഇവരുടെ അവകാശ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."