തിരുവോണമടുക്കുമ്പോള്‍ ജയരാജന് വീണ്ടും അഗ്നിപരീക്ഷ
തലശ്ശേരി: വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തിരുവോണ നാളിലാണ് കിഴക്കെ കതിരൂരിലെ വീട്ടില്‍വച്ച് സി.പി.എം നേതാവായ പി. ജയരാജനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചത്. അന്നു വധശ്രമകേസില്‍ ഉള്‍പ്പെട്ടു ജയിലിലായ ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ ജയരാജനെതിരേ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നതും ഒരു ഓണനാളില്‍ തന്നെ. മനോജിനെ കൊലപ്പെടുത്തുന്നതിലെ മുഖ്യസൂത്രധാരന്‍ പി. ജയരാജനാണെന്ന് കുറ്റപത്രത്തില്‍ എടുത്തുപറയുന്നുണ്ട്. രാഷ്ട്രീയപരമായ വിരോധവും വ്യക്തിവിരോധവും മൂലം ജയരാജന്‍ കൊലപാതകം ആസൂത്രണം ചെയ്യുകയും ഇതിന് തന്റെ വിശ്വസ്തനായ വിക്രമനെ ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് സി.ബി.ഐ നല്‍കിയ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നാം പ്രതി വിക്രമനാണ് മറ്റു പ്രതികളെ കൊലപാതകത്തിന് വേണ്ടിയുള്ള സംഘവുമായി കൂട്ടിയോജിപ്പിച്ചത്.
മനോജിന്റെ കൊലപാതകത്തിലൂടെ പി. ജയരാജന്‍ നാട്ടില്‍ കലാപത്തിന് ആസൂത്രണം ചെയ്‌തെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു. കേസിലെ നാല് പ്രതികളുമായി ജയരാജന് അടുത്ത ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. പി. ജയരാജനെ ഒരു തിരുവോണ നാളില്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ മനോജിനെ കൊലപ്പെടുത്തുകയെന്ന വ്യക്തിപരമായ വിദ്വേഷവും മനോജിന്റെ കൊലപാതകത്തിലേക്ക് നയിച്ചു.
പ്രതിസ്ഥാനത്ത് ചേര്‍ത്തതിനെ തുടര്‍ന്ന് 2016 ഫെബ്രുവരി 12ന് ജയരാജന്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ജയരാജന്‍ നെഞ്ചുവേദനെയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് തലശ്ശേരി ജില്ലാ കോടതി ജയരാജന് ജാമ്യം അനുവദിക്കുകയും ചെയ്തു.
പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ജയരാജന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിരുന്നെങ്കിലും ഹരജി തള്ളിയതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയിരുന്നത്. 2015 മാര്‍ച്ചിലാണ് സി.ബി.ഐ മനോജ് കേസിന്റെ ആദ്യ കുറ്റപത്രം തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റകൃത്യം സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും 200 സാക്ഷികളുടെ മൊഴികളും ഉള്‍പ്പെടെ 700ലേറെ പേജുള്ള കുറ്റപത്രമാണ് അന്ന് സമര്‍പ്പിച്ചിരുന്നത്. രാഷ്ട്രീയ വിരോധം വച്ച് പ്രതികള്‍ മനോജിനെ കൊലപ്പെടുത്തിയെന്നും പി. ജയരാജന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും ആദ്യ കുറ്റപത്രത്തില്‍ സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30ഓടെ കതിരൂര്‍ ഉക്കാസ്‌മൊട്ടയിലെ തിട്ടയില്‍മുക്കില്‍ വച്ചാണ് ഓമ്‌നി വാന്‍ ഓടിച്ച് വരുന്നതിനിടെ മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.് കൂടെ വാനില്‍ യാത്ര ചെയ്തിരുന്ന മനോജിന്റെ സുഹൃത്ത് പാനൂര്‍ നിള്ളങ്ങലിലെ പ്രമോദിനും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."