ദുരിതം മാറാതെ കുമ്പള കൊയിപ്പാടി കടപ്പുറം നിവാസികള്‍
കുമ്പള: സ്വന്തം നാട്ടില്‍ അനുവദിച്ചു കിട്ടിയ ആരോഗ്യ ഉപകേന്ദ്രവും അതോടൊപ്പമുള്ള ലൈബ്രറിയും എപ്പോള്‍ തുറന്നുകൊടുക്കുമെന്നണ്ടണ്ടാണു കുമ്പള ഗ്രാമ പഞ്ചായത്തിലെ കൊയിപ്പാടി, പെര്‍വാട് കടപ്പുറം നിവാസികളുടെ ചോദ്യം. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു കുമ്പള പെര്‍വാഡ് കടപ്പുറത്തു നിര്‍മിച്ച ആരോഗ്യ കേന്ദ്രമാണു പണി പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും ഉദ്ഘാടകനെയും കാത്തു നില്‍ക്കുന്നത്.
ജില്ലയിലെ തീരദേശ മേഖലയിലാണ് ഏറെയും പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കുമ്പള കോയിപ്പാടി മുതല്‍ മൊഗ്രാല്‍ വരെയുള്ള തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളടക്കമുള്ള പാവപ്പെട്ട കണ്ടുടുംബങ്ങള്‍ക്കു വളരെയധികം പ്രയോജനപ്പെടുമായിരുന്ന ആരോഗ്യ ഉപകേന്ദ്രമാണിത്. പനിയടക്കമുള്ള രോഗങ്ങള്‍ വരുമ്പോള്‍ യാത്രാ സൗകര്യം തീര്‍ത്തും അപര്യാപ്തമായ ഇവിടെത്തുകാര്‍ കിലോമീറ്ററുകള്‍ താണ്ടി കുമ്പള സി.എച്ച്.സിയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. തീരദേശ വികസന കോര്‍പറേഷന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ആരോഗ്യ കേന്ദ്രം കം ലൈബ്രറി കെട്ടിടത്തിന്റെ കോമ്പൗണ്ടിനകത്ത് ഇപ്പോള്‍ കാടുമൂടിയ നിലയിലാണ്. പെയിന്റിങ് ജോലികളൊക്കെ പൂര്‍ത്തീകരിച്ച ഈ കെട്ടിടത്തില്‍ ഇപ്പോള്‍ വെയിലും മഴയുമേറ്റു വാതിലടക്കമുള്ള ഭാഗങ്ങള്‍ തുരുമ്പെടുത്തിട്ടുണ്ട്.
ലൈബ്രറിയിലേക്കും ആരോഗ്യ കേന്ദ്രത്തിലേക്കുമുള്ള ഫര്‍ണ്ണിച്ചറുകളും പുസ്തകങ്ങളും ഇതുവരെയും ഇവിടെ എത്തിയിട്ടില്ല. അതിനായി തീരദേശ വികസന വകുപ്പ് അഞ്ചു ലക്ഷം രൂപ അനുവദിച്ചതാണ്. ഇതെല്ലാം എന്നു ശരിയായി വരുമെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഒരു നിശ്ചയവുമില്ല. പെര്‍വാട് സ്ഥിതി ചെയ്യുന്ന ഈ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്ന് ഇതുവഴിയുള്ള കാല്‍നടയാത്രയടക്കം ദുസ്സഹമാണ്. കൊയിപ്പാടി പാലം മുതല്‍ പെര്‍വാട് കടപ്പുറം വരെയുള്ള രണ്ടു കിലോമിറ്ററിലധികമുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിട്ടും കാലമേറെയായി.
രണ്ടു വര്‍ഷമായി അറ്റകുറ്റപണികള്‍ പോലും നടന്നിട്ടില്ല. ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രസ്തുത റോഡ് ടാര്‍ ചെയ്തത്. മഴക്കാലമായതില്‍ ഇതു വഴി കാല്‍നടയാത്രപോലും പറ്റാത്ത വിധം ചെളിക്കുളമായിരിക്കുകയാണ്. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകളാണ് ഇതുവഴി പോകുന്നത്.
മൊഗ്രാല്‍ കൊപ്പളം പ്രദേശത്തേക്കുള്ള നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. പ്രസ്തുത റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. ഏറെക്കാലമായി തീരദേശവാസികള്‍ കാത്തിരിക്കുന്ന ആരോഗ്യ കേന്ദ്രം തുറന്നുകൊടുക്കുവാനും തകര്‍ന്നു കിടക്കുന്ന റോഡ് നന്നാക്കുവാനും അടിയന്തിര ഇടപെടല്‍ വേണമെന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."