ചൂടാന്തിരിയുടെ പരിഭാഷ
നാട്ടില്‍ മഴ പെയ്യുന്ന മാസങ്ങളില്‍ ഗള്‍ഫില്‍ പെട്ടുപോയ ആരും സംശയിക്കുന്നൊരു കാര്യമുണ്ട്. ഈ എയര്‍ കണ്ടീഷനുകള്‍ ഇല്ലാത്ത കാലത്ത് എങ്ങനെയാകും ഈ മരുഭൂവാസികള്‍ കഴിഞ്ഞുകൂടിയത്. ചൂടുകാലം എല്ലാ നാട്ടിലുമുണ്ട്. മരുവേനല്‍ പക്ഷേ ഭൂമിയാകെ അടുപ്പുകൂട്ടിയ പോലൊരു വേവലാണ്. പണ്ട് മീനത്തില്‍ ഉപ്പാപ്പ പണി കഴിഞ്ഞു വന്നാല്‍ കോലായില്‍ കുറച്ചിട ഇരിക്കും, അടുപ്പത്തു നിന്നിറക്കി വച്ച വെള്ളം തണുക്കുന്നതു വരെ. അന്നേരം തോളിലും പുറത്തും പടര്‍ന്ന ഉപ്പുപൊടി ഞാന്‍ കിള്ളിയെടുത്തു കളയും. പലവട്ടമതു രുചിച്ച് ഉപ്പുതന്നെ എന്നുറപ്പാക്കിയിട്ടു പോലുമുണ്ട്. ഉപ്പാപ്പയും ആ പ്രായത്തിലുള്ളവരും ഉഷ്ണത്തിനു ചൂടാന്തിരി എന്നാണു പറഞ്ഞിരുന്നത്. ചൂടിനും വെയിലിനും അപ്പുറമുള്ള വേവലിന്റെ വാക്കായിരുന്നു അത്.
പോരാത്തതിനു ചൂട് എന്നതിനു ഭ്രാന്തെന്നു തന്നെ അര്‍ഥം വേറെയും. ചൂടാന്തിരി ഈ രണ്ടു ചൂടും സമം ചേര്‍ത്ത ഒരനുഭവമായിരുന്നു അവര്‍ക്കൊക്കെയും. ചൂടാന്തിരിക്കെതിരേ ആകെയുള്ള സന്നാഹം അക്കാലത്ത് കമുകിന്‍പാള വെട്ടിയുണ്ടാക്കിയ വിശറികള്‍ മാത്രമായിരുന്നു. പഴുത്തുവീണ കമുകിന്‍പാള കിണറ്റിന്‍കരയിലെ ഒലിച്ചിറങ്ങുന്ന നീര്‍ചാലുകളില്‍ തൊടുന്ന വിധത്തില്‍ ഇട്ടുവയ്ക്കും. മതിയാവോളം നവേറ്റ ശേഷം അവ വെട്ടി വിശറിയുണ്ടാക്കും. എന്തായിരിക്കണം അതുപോലെ ഇന്നാട്ടിലെ സന്നാഹങ്ങള്‍.
ഇപ്പോള്‍ നിലക്കാതെ ശബ്ദിക്കുന്ന ശീതീകരണികള്‍ എല്ലാ എടുപ്പുകളിലുമുണ്ട്. 1902ലാണ് ആദ്യത്തെ ശീതീകരണി പ്രവര്‍ത്തിച്ചുതുടങ്ങിയത്. അമേരിക്കയിലായിരുന്നു അതും. പിന്നെയും പതിറ്റാണ്ടുകളെടുത്താണ് അറേബ്യന്‍ ഗള്‍ഫിലേക്കുള്ള ശീതീകരണയന്ത്രങ്ങളുടെ വരവ്. അവയുടെ വരവിനും മുന്നേ എങ്ങനെയായിരുന്നു ഈ ചൂടിനെ മനുഷ്യന്‍ അതിജയിച്ചിരിക്കുക. ഒറ്റ ഉത്തരമേയുള്ളൂ അതിന്. കാറ്റിനു യഥേഷ്ടം അകത്തേക്കു വരാനും മുറികള്‍ തണുക്കും വിധം കാറ്റിനെ പുറത്താക്കാനും കഴിയുന്ന കെട്ടിടങ്ങള്‍. ഇരിപ്പിടങ്ങളും കിടപ്പിടങ്ങളും കാറ്റിനെ ക്ഷണിച്ചുവരുത്തുന്ന വിധം പണിതു. ഇപ്പോഴുമുണ്ട് അലങ്കാരത്തിനും പൈതൃക പ്രദര്‍ത്തിനുമായി അതേ വിധമുള്ള കെട്ടിട നിര്‍മാണരൂപങ്ങള്‍. കാറ്റിനെ ക്ഷണിച്ചുവരുത്തുന്ന, കാറ്റിനു ചൂടുപിടിക്കുമ്പോള്‍ പുറംതള്ളുന്ന തച്ചുവിദ്യ. മരുഭൂമിയിലെ മനുഷ്യന്‍ രൂപപ്പെടുത്തിയ തച്ചുശാസ്ത്രത്തിന്റെ ഉള്ളടക്കം അതായിരുന്നു. അറേബ്യയിലെ ആര്‍ക്കിടെക്ചറിന്റെ സവിശേഷത കാറ്റിനോടും വെളിച്ചത്തോടുമുള്ള ഈ വിട്ടുവീഴ്ചയില്ലാത്ത ആഭിമുഖ്യമായിരുന്നു. എയര്‍കണ്ടീഷണറുകളുടെ വരവോടെ സംഭവിച്ച ഏറ്റവും വലിയ പരിണാമം പ്രസ്തുത ആര്‍ക്കിടെക്ചറിന്റെ വിപാടനമായിരുന്നു. കാറ്റിന്റെയും വെളിച്ചത്തിന്റെയും അഭാവത്തിലും തണുക്കാനും പ്രകാശിക്കാനുമുള്ള അവസരം വൈദ്യുതിയും എയര്‍കണ്ടീഷണറുകളും നല്‍കിയപ്പോള്‍ പഴയ കെട്ടിട നിര്‍മാണരീതിയും ഭംഗിയും അപ്രസക്തമായി.
1939ലാണ് ഇപ്പോഴത്തെ വിന്‍ഡോ എ.സികളുടെ പ്രാരംഭരൂപം പുറത്തിറങ്ങുന്നത്. അതത്ര എളുപ്പത്തില്‍ ലഭ്യമായ സൗകര്യമായിരുന്നില്ല. അതിസമ്പന്നരുടെ ആഡംബരമായാണ് അതിന്റെ രംഗപ്രവേശം. എണ്‍പതുകളിലേ അതൊരു സര്‍വസാധാരണ ഉപകരണമായി അറേബ്യയിലും വ്യാപിക്കുന്നുള്ളൂ. ആ കാലത്തു പാവങ്ങള്‍ക്ക് എ.സിയുടെ തണുപ്പു കിട്ടുക സിനിമാ തിയറ്ററുകളില്‍ മാത്രമായിരുന്നുവെന്നും തണുപ്പില്‍നിന്നു രക്ഷപ്പെടാന്‍ അമിതാഭ് ബച്ചന്റെ 'സഞ്ചീര്‍' സിനിമ പലവട്ടം കണ്ടതും ഓര്‍മിക്കുന്ന ഒരു യു.എ.ഇ എഴുത്തുകാരനുണ്ട്. എയര്‍കണ്ടീഷണറുകള്‍ കണ്ടുപിടിക്കുന്നതിനു മുന്‍പുള്ള കാലത്തു ഉഷ്ണത്തെ തുരത്താന്‍ മലകളില്‍നിന്നു മഞ്ഞു കൊണ്ടുവന്ന ഒരു കിറുക്കന്‍ രാജാവ് യൂറോപ്പിന്റെ ചരിത്രത്തിലുണ്ട്. റോമന്‍ ചക്രവര്‍ത്തിയായ എലഗബാലസ് ആയിരക്കണക്കിന് അടിമകളെ മഞ്ഞു ചുമന്നു കൊണ്ടുവന്നു തന്റെ ഉദ്യാനങ്ങളെ തണുപ്പിക്കാന്‍ നിയോഗിച്ചതാണത്. കൂറ്റന്‍ പങ്കകളും വിശറികളും വെഞ്ചാമരങ്ങളും കൊണ്ട് കൊട്ടാരവും തങ്ങളുടെ ശരീരങ്ങളും തണുപ്പിച്ച രാജാക്കന്മാരും ചരിത്രത്തില്‍ നിരന്നുനിന്നു ചൂടേറ്റിട്ടുണ്ട്. ഒരിക്കല്‍ രാജകീയമായിരുന്ന എ.സിത്തണുപ്പാണ് ഇന്നു സാര്‍വത്രികമായത്. ഗെയില്‍ കൂപ്പര്‍ തന്റെ അശൃരീിറശശേീിശിഴ അാലൃശരമ എന്ന പുസ്തകത്തില്‍ മറ്റൊരു വശം കൂടെ എടുത്തുപറയുന്നുണ്ട്. എ.സികളുടെ വ്യാപനം അധ്വാനത്തിന്റെ അളവും ലാഭവും കൂട്ടി എന്നതാണത്. ഫാനിനു കീഴെ ഉഷ്ണിച്ചു പണിയെടുക്കുന്ന ഒരു ടൈപ്പിസ്റ്റിനെക്കാള്‍ 25 ശതമാനം പണി കൂടുതലെടുക്കും എ.സി മുറികളിലെ ഒരു ജീവനക്കാരന്‍ എന്നതാണ്. ഓഫിസുമുറികളുടെ കാര്യക്ഷമതയ്ക്ക് എ.സി അങ്ങനെ ഒരനിവാര്യതയായെന്നു നിരീക്ഷിക്കപ്പെടുന്നു.
1980കളില്‍ ലോകജനസംഖ്യയുടെ അഞ്ചു ശതമാനമായിരുന്നു അമേരിക്കയില്‍ വസിച്ചിരുന്നത്. അതേസമയം തന്നെ ലോകത്തു പ്രവര്‍ത്തിക്കുന്ന എയര്‍കണ്ടീഷണറുകളുടെ ഭൂരിഭാഗവും അമേരിക്കയിലായിരുന്നു. ശീതീകരണയന്ത്രങ്ങളുടെ പ്രവര്‍ത്തനം പ്രകൃതിയെ വിഷലിപ്തമാക്കുമെന്നുള്ള കണ്ടെത്തലും അതിനെത്തുടര്‍ന്നുള്ള എ.സി ഉപേക്ഷിക്കല്‍ ആഹ്വാനങ്ങളും ഉയര്‍ന്നുവന്നതും അവിടെനിന്നുതന്നെ. ആഗോളതാപനം കുറയ്ക്കാനുള്ള ആദ്യത്തെ ചുവട് എ.സി ഓഫാക്കുകയാണെന്ന് അവര്‍ സമര്‍ഥിക്കുന്നു. എയര്‍കണ്ടീഷന്‍ ചെയ്യപ്പെട്ട നമ്മുടെ ലോകത്തെ കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ എന്ന മുഖവുരയോടെ ഘീശെിഴ ഛൗൃ ഇീീഹ: ഡിരീാളീൃമേയഹല ഠൃൗവേ െമയീൗ േഛൗൃ അശൃരീിറശശേീിലറ ണീൃഹറ എന്നൊരു പുസ്തകവും അവിടെ ചൂടോടെ വിറ്റുപോയിട്ടുണ്ട്. മലയാളികള്‍ ഇപ്പോള്‍ വായിച്ചുതുടങ്ങേണ്ട കൃതിയാണത്. കാരണം ശീതീകരണികളുടെ വ്യാപനം കൊണ്ടുള്ള വിപത്തുകളാകും കേരളത്തിന്റെ വരുംകാല പാരിസ്ഥിതിക പ്രതിസന്ധി.
ഇതെഴുതുമ്പോഴും ഇവിടെ വേനലിനു ശമനമൊന്നുമായിട്ടില്ല. നാട്ടില്‍ വേനലില്‍ ചൂടാന്തിരി ആണെങ്കില്‍ ഇവിടെയത് സമ്മര്‍ സര്‍പ്രൈസാണെന്നു മാത്രം. ആദ്യത്തേതു പൊരിവെയിലത്തു പണിയെടുത്തവരുടെ ഉഷ്ണരാഗവും രണ്ടാമത്തേതു വിപണിയുടെ ഉഷ്ണരോഗവും. ഉപ്പാപ്പയുടെ ചൂടാന്തിരിയുടെ പരിഭാഷയാണ് ഇടക്കു വെയിലത്തിറങ്ങേണ്ടവര്‍ക്കൊക്കെ ഇവിടെ വേനല്‍ക്കാലം. പുറത്തു വിയര്‍പ്പു വീഴുന്ന തൊഴിലുകളില്‍ ജീവിതം പടുക്കുന്നവര്‍ക്കു വെയിലും മഞ്ഞും രാവും പകലും തുല്യം. കെട്ടിടക്കൊടുമരങ്ങള്‍ക്കു മീതെ സൂര്യനോടു തൊട്ടടുത്തിരുന്നു പണിയെടുക്കുന്ന അവരിലേക്കു കണ്ണയക്കുമ്പോള്‍ തന്നെ നമ്മുടെ ഇമകള്‍ വെട്ടിത്തുടങ്ങും. കണ്ണിനു സഹിക്കാനാകില്ല സൂര്യന്റെ വെളിച്ചത്തെ. അവരപ്പോഴും പടുക്കുകയാകും. വെയിലുകാഞ്ഞ് ഉരുക്കുകയാകും ഉള്ളിലെ കരുത്തിന്റെ പൊന്നിനെ. നമ്മുടെ ജീവിത വെളിച്ചങ്ങള്‍ക്കു മീതെ ഖേദത്തിന്റെ കറുപ്പായി അവരുടെ യാതന പരക്കുമ്പോള്‍ ആത്മനിന്ദ തോന്നും കീശയിലെ ദിര്‍ഹമുകളോട്.
വേനലിലെ മുന്‍കരുതലുകളെ കുറിച്ചാണു തൊലിപ്പുറത്തു മാത്രം കണ്ണെത്തുന്ന പത്രമാസികകള്‍ പലപ്പോഴും സംസാരിക്കുക. വെയിലേറ്റാല്‍ വരുന്ന കലകളെ കുറിച്ചും അതു തടയാനുള്ള ലോഷനുകളെയും മുഖത്തു പുരട്ടാനുള്ള ക്രീമുകളെയും കുറിച്ചവ വാചാലം. ഋതുഭേദങ്ങളെ എത്ര വേഗത്തിലാണ് വിപണി അതിന്റെ കരവലയങ്ങളില്‍ അമര്‍ത്തിപ്പിടിക്കുന്നത്. പരസ്യം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ ചെറിയ സംഗതികള്‍ക്കു വല്ലാത്ത വലിപ്പം വയ്ക്കുമെന്ന് മാര്‍ക്ക് ടൈ്വന്‍ പറഞ്ഞതു പരസ്യപ്പലകകളും വിപണനതന്ത്രങ്ങളും പിറക്കുന്നതിനു മുന്നേയാണല്ലോ. ഉഷ്ണത്തെ കൊല്ലാന്‍ നിലക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനേകായിരം ശീതീകരണയന്ത്രങ്ങളുടെ കൃത്രിമത്തണുപ്പില്‍ മേവുന്ന നഗരജീവികള്‍ക്ക്, വെയില്‍ തിന്നുരുകുന്നവരുടെ യാതന അറിയേണ്ടതില്ല.
വേനലില്‍ കഴിക്കേണ്ടുന്ന ഭോജ്യങ്ങളെയും പ്രത്യേക പാനീയങ്ങളെയും കുറിച്ചുള്ള ലൈഫ് സ്റ്റൈല്‍ മാഗസിനുകള്‍ വായിച്ചാല്‍ മതി.
കേരളത്തില്‍ കാലക്രമം തെറ്റിയെന്നാണു നമ്മുടെ ആധി. കാലം നോക്കുന്ന കലണ്ടറില്‍ ഇപ്പോഴും കര്‍ക്കടകമാണ്, കലണ്ടര്‍ മറിക്കാന്‍ മറന്നെന്നു തോന്നുന്നു എന്നു കാലം തെറ്റിപ്പെയ്യുന്ന മഴയെ ആരോ ട്രോളിയതു കണ്ടു. കാലചക്രം മരുഭൂമിയിലും താളം തെറ്റിത്തന്നെയാണിപ്പോള്‍ കറങ്ങുന്നത്. വേനല്‍ സമയത്തിനല്ല വരുന്നത്. മഴക്കു പിന്നെ പണ്ടേയില്ല നിശ്ചിതകാലം. വേനല്‍ സമയത്തിനെത്താത്തവന്റെ ധൃതിയോടെ നേരെ കൊടും ചൂടിലേക്ക് പ്രവേശിക്കുകയും ചെയ്യും. വേനലെത്തുന്നതോടെ വെയില്‍ തിന്നുന്ന പക്ഷികളായി മാറുന്നു മരുഭൂവാസികള്‍. വെയില്‍ ചായുന്നേരത്തേക്കു മാറ്റിവയ്ക്കുന്നൂ ഇവിടെ ജീവിക്കുന്നവരുടെ പുറപ്പാടുകള്‍. രാത്രി ജീവിതത്തിന്റെ നീളം കൂടുന്നു.
പകല്‍ ജീവിതത്തിന്റെ പകിട്ടു മായുന്നു. ടോയ്‌ലെറ്റിലും ഓണ്‍ലൈനായിരിക്കുന്ന ചങ്ങാതി കഴിഞ്ഞ വേനല്‍ക്കാലത്ത് ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതിക്കണ്ടപ്പോള്‍ ആദ്യം ഒരു പിടിയും കിട്ടിയില്ല. ഒന്നമ്പരക്കുകയും ചെയ്തു. പിന്നെ കമന്റുകളില്‍നിന്നാണു മനസിലായത് തിളച്ചുതൂവുന്ന വെയിലില്‍ ചുട്ടുപൊള്ളിത്തുടങ്ങിയ പൈപ്പ് വെള്ളം മേത്തു തൊട്ടപ്പോഴാണ് ആ സ്റ്റാറ്റസ് അപ്‌ഡേറ്റ് പിറന്നതെന്ന്. ഇങ്ങനെയായിരുന്നു ആ സ്റ്റാറ്റസ്: തല്‍ക്കാലം ചന്തി കഴുകുന്നില്ല. പക്ഷേ, തല്‍ക്കാലം ജീവിക്കുന്നില്ല എന്നു വയ്ക്കാന്‍ ജനിച്ചുപോയവര്‍ക്കാര്‍ക്കും ഒരുപായവുമില്ലല്ലോ ജീവിതത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."