ചിത്രം വരക്കുന്നവര്‍
''അനൂ, ടി.ബി വാര്‍ഡില്‍ ഒരു മലയാളി പേഷ്യന്റ് വന്തിര്ക്ക്, പേസ്‌റത് ഒന്നുമേ പുരിയല. എതാ കൊഞ്ചം കേള്‌ങ്കേ. എങ്ക ബാച്ചില്‍ മലയാളം തെരിഞ്ചവങ്ക യാരുമേ ഇല്ല. ശീഘ്രം, സാര്‍ വെയിറ്റ് പണ്ണിയിട്ട്‌ര്ക്ക്.''
കൈയിലിരിക്കുന്ന പരിപ്പുവടയുടെ കഷണം വിഴുങ്ങി ഞാന്‍ സീനിയര്‍ ചേച്ചിയുടെ പിന്നാലെ നടന്നു. ടി.ബി വാര്‍ഡിലെ അവസാനത്തെ കട്ടിലില്‍ ഒരു മെലിഞ്ഞ മനുഷ്യന്‍ ചുരുണ്ടിരിപ്പുണ്ടായിരുന്നു. ബെഡ് നമ്പര്‍ 42. ജോര്‍ജ്, 17 വയസ്. രജിസ്റ്ററിലൂടെ കണ്ണോടിച്ച് ഞാന്‍ കട്ടിലിനു നേര്‍ക്കു നടന്നു.
''എന്താ പേര്?''
''ജോര്‍ജ് ''
''കേരളത്തിലെവിടയാ?''
''ചേര്‍ത്തല.''
''ട്രാന്‍സിലേറ്റ് ഇന്‍ ഇംഗ്ലീഷ് ''
കൈയില്‍ പേനയും പിടിച്ചു തിടുക്കത്തോടെ നില്‍ക്കുന്ന കണ്ണുകളെല്ലാം എന്റെ നേര്‍ക്കായി. ജോര്‍ജിന്റെ ചേര്‍ത്തല മലയാളം ഞാന്‍ ആംഗലേയംകൊണ്ടു മൂടി. ഭാഷയറിയാത്തതിനാല്‍ നാളുകളായി ജോര്‍ജ് മൗനത്തിലായിരുന്നു. അതിന്റെ ആവേശമാണെന്നു തോന്നുന്നു. ജോര്‍ജ് എന്നോടു വാതോരാതെ സംസാരിച്ചു.
ഞങ്ങളുടെ ഹോസ്പിറ്റലിന്റെ അടുത്ത്, സെന്റ് ആല്‍ബര്‍ട്ട്‌സ് ചര്‍ച്ചിനോടു ചേര്‍ന്ന്, മാനസിക വളര്‍ച്ച എത്താത്തവര്‍ക്കു വേണ്ടിയുള്ള ഒരു സ്ഥാപനമുണ്ട്.
ജോര്‍ജിന്റെ സൂചനകളില്‍നിന്നു തെളിഞ്ഞുവന്നത് ആ സ്ഥാപനമാണ്. പിന്നീടുള്ള ജോര്‍ജിന്റെ സംസാരവും, ഭാവങ്ങള്‍ മാറിയും മറിഞ്ഞും പ്രത്യക്ഷപ്പെടുന്ന മുഖവുമെല്ലാം എന്റെ സംസാരത്തിന് ആക്കം കൂട്ടുകയായിരുന്നു. ദിവസങ്ങളോളം പുഴക്കരയില്‍ ആകാശം നോക്കിയിരിക്കുന്ന, ചൂണ്ടുവിരലില്‍ സൂചികൊണ്ടു കുത്തി ചോരകൊണ്ടു ചിത്രംവരയ്ക്കാറുള്ള പതിനഞ്ചു വയസുകാരന്റെ കഥകളായിരുന്നു സംസാരത്തില്‍ കൂടുതലും.
''ജോര്‍ജ് എങ്ങനാ പോണ്ടിച്ചേരിക്കു വന്നത്?''
''ചേച്ചിക്കറിയോ, എന്റെ എളമ്മേടെ മോനുണ്ടായിരുന്നു. ഇപ്പോ എട്ടാം ക്ലാസില്‍ പഠിക്കുവാ. ഒരൂസം അവനെന്നെ ഭ്രാന്തന്‍ എന്നു വിളിച്ചു. എനിക്ക് ദേഷ്യം വന്നു. നീയാ ഭ്രാന്തനെന്നു പറഞ്ഞ്, കൈയില്‍ കിട്ടിയ തേങ്ങകൊണ്ട് ഞാനവനെ എറിഞ്ഞു. തലപൊട്ടി ചോര വന്നപ്പോ, എനിക്ക് ചിരിയാ വന്നത്. നിറയെ ചോരയുണ്ടായിരുന്നു. അത്രേം ചോരയുണ്ടായിരുന്നേ, എന്തോരം ചിത്രം വരക്കുമായിരുന്നു. അന്നെല്ലാവരും കൂടി കൈയും കാലും കെട്ടി എന്നെ ഇവിടെ കൊണ്ടുവന്നുവിട്ടു. ഇപ്പൊ കുറച്ചു ദിവസായി നിര്‍ത്താതെ ചുമയാണ്. ഒരു കൊല്ലം മുന്‍പ് ഇങ്ങനെ വന്നായിരുന്നു. അപ്പോ മൂന്ന് മാസം മരുന്ന് കുടിച്ചാണ് മാറിയത്.''
''നാട്ടീന്നാരും വന്നില്ലേ? അച്ഛനും അമ്മയുമൊക്കെ എവിടെയാ?''
''ഓ, അവരുണ്ടായിട്ടും വല്യ കാര്യമൊന്നുമില്ല.'' എടുത്തടിച്ചതുപോലെയായിരുന്നു ജോര്‍ജിന്റെ മറുപടി.
''ദിസ് ഈസ് എ കെയ്‌സ് ഓഫ് ഹൈഡ്രോ ന്യൂമോ തൊറാക്‌സ്, ഏന്റ് ഹീ ഈസ് ഹാവിങ് എ പാസ്റ്റ് ഹിസ്റ്ററി ഓഫ് ടി.ബി.''
പ്രൊഫസറുടെ ശബ്ദം മുഴങ്ങി. ജോര്‍ജിന്റെ ചുമല്‍ ഇളക്കി പുറത്ത് സ്റ്റെതസ്‌കോപ്പ് വച്ചു ശ്രദ്ധിച്ചു. നെഞ്ചിന്‍കൂടിനകത്തു നിറഞ്ഞ ദ്രാവകവും വായുവും. തിരമാലകള്‍ വന്നിടിക്കുന്നതു പോലെ ശബ്ദം കേള്‍ക്കാമായിരുന്നു. തമ്മില്‍ തല്ലി തിരമാലകള്‍ ഒഴുകിനടന്നു.
മാസത്തിലെ രണ്ടാം ശനിയാഴ്ച. അന്നാണ് ലേഡീസ് ഹോസ്റ്റലിന്റെ അഴികള്‍ തുറക്കുന്നത്. പൊട്ടിയ ചെരിപ്പ് മാറ്റിവാങ്ങണം. പിന്നെ അനിയനൊരു ടീഷര്‍ട്ട്, ഹാര്‍ട്ട് ബീറ്റ്‌സില്‍നിന്ന് എ.ആര്‍ റഹ്മാന്റെ പുതിയ സി.ഡി, വൈറ്റ് റെസിഡന്‍സിയില്‍നിന്നൊരു ബിരിയാണി. മൂന്നു മണിക്കൂറുകൊണ്ട് ഇത്രയും തീര്‍ത്ത് ബീച്ചിലേക്കു നടന്നു. വഴിയിലെല്ലാം ഇരുട്ട് പരന്നുതുടങ്ങി. തെരുവുവിളക്കിന്റെ മഞ്ഞ വെളിച്ചത്തിനൊപ്പം തമിഴന്റെ കറുപ്പും ഫ്രെഞ്ചുകാരന്റെ വെളുപ്പും ഇടകലര്‍ന്ന് ഒഴുകുന്നുണ്ടായിരുന്നു. ബീച്ചില്‍, പോണ്ടിച്ചേരി മ്യൂസിക് ഫെസ്റ്റ്. ഞങ്ങള്‍ പൂഴിയില്‍ ചമ്രം പടിഞ്ഞിരുന്നു. ഡല്‍ഹിയില്‍നിന്നു വന്ന ഗസല്‍ ഗായകരായിരുന്നു സ്റ്റേജില്‍. കടലില്‍നിന്നു വന്ന തണുത്ത കാറ്റിനൊപ്പം സംഗീതവും ഒഴുകി.
''നാ കുച്ച് മേരാ...
നാ കുച്ച് തേരാ...''
**** **** ****
വൈകുന്നേരം പ്രാക്ടിക്കല്‍ കഴിഞ്ഞു വരുമ്പോള്‍ ദീപ്തിയാണു പറഞ്ഞത്. കേട്ടപ്പോ വിശ്വസിക്കാന്‍ പറ്റിയില്ല. ജോര്‍ജ് ആത്മഹത്യയ്ക്കു ശ്രമിച്ചിരിക്കുന്നു. കുളിമുറിയില്‍ കയറി കൈമുറിച്ചതാണ്. രക്തം കുറേ പോയി. ഐ.സി.യുവിലാണ്. രക്ഷപ്പെടുമോന്നു സംശയം. ഞാന്‍ ഹോസ്പിറ്റലിനു നേര്‍ക്കു വലിച്ചുനടന്നു. അപ്പോഴേക്കും ഐ.സി.യുവിനു പുറത്തേക്കു വെള്ളത്തുണിയില്‍ മുഖംമറച്ച് ജോര്‍ജിനെ കൊണ്ടുവരുന്നുണ്ടായിരുന്നു.
ഹോസ്പിറ്റലില്‍ എല്ലാവരുടെയും സംസാരത്തില്‍ ജോര്‍ജ് ആയിരുന്നു. ബന്ധുക്കളാരും വരാത്തതുകൊണ്ട് ബോഡി അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിലേക്കു മാറ്റാനാണു സാധ്യത. ആരോ പറയുന്നതു കേട്ടു.
**** **** ****
രാത്രി ആകാശത്ത് ഒരുപാടു നക്ഷത്രങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. എന്തിനായിരിക്കും ജോര്‍ജ് കൈമുറിച്ചത്? ചിത്രം വരയ്ക്കാനായിരിക്കുമോ? ആകാശത്തിരുന്ന് ജോര്‍ജ് ഇപ്പോ ഒരുപാടു ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ടാകും. പുഴയുടെ, ചേര്‍ത്തലയിലെ വീട്ടിലെ പുകപിടിച്ച ചുമരിന്റെ, ഉപേക്ഷിച്ചുപോയ അച്ഛന്റെ, സ്‌കൂളിന്റെ, ഇളയമ്മയുടെ, മകന്റെ, പോണ്ടിച്ചേരിക്കു വന്ന വണ്ടിയുടെ, സെന്റ് ആല്‍ബര്‍ട്ട്‌സ് പള്ളിയുടെ മച്ചില്‍ വന്നിരിക്കുന്ന പ്രാവുകളുടെ... അങ്ങനെ ഒരുപാട് ഒരുപാട് ചിത്രങ്ങള്‍....
ദൂരെ കടലില്‍ അപ്പോള്‍ തിരമാലകള്‍ ശക്തിയോടെ വന്നടിച്ചു. ആകാശത്തു വിരിയുന്ന ചിത്രങ്ങള്‍ക്ക് അവ കൈയടി മുഴക്കുകയാണോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."