പിഞ്ചുസഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദനം; അമ്മയും കാമുകനും അറസ്റ്റില്‍
തൊടുപുഴ: അഞ്ചും ഏഴരയും വയസുള്ള കുഞ്ഞുങ്ങളെ ഉപദ്രവിച്ച അമ്മയേയും കാമുകനേയും അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി സീനത്ത് (36), ഇവരുടെ കാമുകന്‍ മുണ്ടക്കയം സ്വദേശി ജോസ് (40) എന്നിവരെയാണ് തൊടുപുഴ പൊലിസ് പിടികൂടിയത്. ഇവര്‍ കുമാരമംഗലം പാറക്ക് സമീപം വാടകവീടെടുത്ത് താമസിക്കുകയായിരുന്നു.
ഏഴര വയസുള്ള ആണ്‍കുട്ടിയും അഞ്ച് വയസുള്ള പെണ്‍കുട്ടിയുമാണ് ക്രൂരമര്‍ദനത്തിനിരയായത്. സീനത്തും ജോസും കുട്ടികളോടൊപ്പം നാല് മാസമായി ഇവിടെ താമസിച്ചു വരികയാണ്. ഇവര്‍ പതിവായി കുട്ടികളെ തല്ലുന്നതായി നാട്ടുകാരാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവം ശരിയാണെന്ന് മനസിലാക്കുകയും പൊലിസില്‍ അറിയിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലിസ് മൂന്ന് ദിവസമായി ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലാക്കി തൊടുപുഴ വനിതാ എസ്.ഐ വാടക വീട്ടിലെത്തി കുട്ടികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. ഇരുവരേയും ക്രൂരമായി തല്ലുകയും കാലില്‍ ചവിട്ടുകയും മുട്ടില്‍ നിര്‍ത്തി ചൂരലിനടിക്കുകയും ചെയ്യുമെന്ന് കുട്ടികള്‍ മൊഴി നല്‍കി. മര്‍ദനമേറ്റ് പേടിച്ച് മൂത്രമൊഴിച്ചപ്പോള്‍ കുട്ടികളുടെ വസ്ത്രമുരിഞ്ഞ് തുടപ്പിച്ചെന്നും കുട്ടികള്‍ മൊഴി നല്‍കി. തുടര്‍ന്ന് സീനത്തിനോടും ജോസിനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പറയുകയും തൊടുപുഴ എസ്.ഐ. വി.സി വിഷ്ണു കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കുട്ടികളെ അവരുടെ അച്ഛന്റെ മാതാപിതാക്കളുടെ സംരക്ഷണയില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."