സര്‍ക്കാരിനെതിരേ മാനേജ്മെന്റുകള്‍ കോടതിയിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരേ കോടതിയിലേക്ക്. മാനേജ്മെന്റുകള്‍ക്ക് അര്‍ഹമായ എന്‍.ആര്.ഐ സീറ്റുകള്‍ സ്റ്റേറ്റ് മെറിറ്റിലേക്കും സംവരണ വിഭാഗങ്ങളിലേക്കും മാറ്റി പ്രവേശനം നടത്തിയതിനെതിരേയാണ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ എറണാകുളത്ത് മാനേജ്മെന്റ് പ്രതിനിധികള്‍ ഇന്ന് യോഗം ചേരും. ഈ യോഗത്തിലാകും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കണോയെന്ന തീരുമാനം കൈക്കൊള്ളുക. അതേസമയം മാനേജ്മെന്റുകള്‍ കോടതിയിലേക്കു പോയാല്‍ സര്‍ക്കാര്‍ നേരിടുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്കി.
അഡ്മിഷന് ആളില്ലാതിരുന്ന 117 എന്‍.ആര്.ഐ സീറ്റുകളില്‍ എംബി.ബി.എസ് സ്പോട്ട് അഡ്മിഷന് സമയത്ത് അവസാന നിമിഷം സര്‍ക്കാര്‍ പ്രവേശനം നടത്തിയിരുന്നു. എന്‍.ആര്.ഐ സീറ്റുകളിലേക്ക് സ്റ്റേറ്റ് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയപ്പോള്‍ പ്രവേശനം നിര്‍ത്തിവയ്ക്കാന്‍ മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപ്രകാരമാണു നടപടിയെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."