പുനസംഘടനയെ പരിഹസിച്ച് സി.പി.എമ്മും കോണ്‍ഗ്രസും
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ മന്ത്രിസഭാ പുനഃസംഘടനകൊണ്ട് എന്തുകാര്യമെന്നാണ് യെച്ചൂരി ട്വിറ്ററിലൂടെ ചോദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ പുന:സംഘടന കൊണ്ട് എന്ത് പ്രയോജനമാണുളളതെന്ന് കോണ്‍ഗ്രസും വിമര്‍ശനമുന്നയിച്ചിരുന്നു. മന്ത്രിമാരുടെ പേരുകള്‍ മാറുമെന്നതല്ലാതെ വേറെ കാര്യമൊന്നും ഇതുകൊണ്ടില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. യു.പി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള മന്ത്രിമാരെ പിന്‍വലിച്ച് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് വിവരം. എന്‍.ഡി.എയിലേക്ക് തിരിച്ചു വന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചേക്കും.
രാജീവ് പ്രതാപ് റൂഡി, ഉമാ ഭാരതി, സഞ്ജീവ് ബല്യാണ്‍, ഫഗ്ഗന്‍സിങ് കുല്‍സാതെ, കല്‍രാജ് മിശ്ര, ബന്ദാരു ദത്താത്രേയ എന്നിവരുള്‍പ്പെടെ എട്ട് മന്ത്രിമാരാണ് രാജിവച്ചത്. കൂടുതല്‍ രാജിയുണ്ടാകുമെന്നും കേന്ദ്രമന്ത്രിസഭയിലേക്ക് പുതുമുഖങ്ങളെത്തുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."