പലായനം തുടരുന്നു; 40,000 റോഹിംഗ്യകള്‍ അതിര്‍ത്തി കടന്നു
നയ്പിതോ: റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ പലായനം തുടരുന്നതായി ഐക്യരാഷ്ട്രസഭ. രാഖിനെ സംസ്ഥാനത്തെ സാമുദായിക ലഹള പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇതുവരെ 40, 000 റോഹിംഗ്യകള്‍ അതിര്‍ത്തി കടന്നു ബംഗ്ലാദേശിലെത്തിയതായാണ് വിവരം.
നാഫ് നദി കടന്ന് ബംഗ്ലാദേശിലേക്ക് കടക്കുന്നതിനിടെ 40 പേര് വള്ളം മറിഞ്ഞ് മുങ്ങിമരിച്ചതായും യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്. 16 പേരുടെ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞതായി കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 25 ന് റോഹിംഗ്യന്‍ വിഘടനവാദികള്‍ പൊലിസ് സ്റ്റേഷന് ആക്രമിച്ച് 12 പൊലിസുകാരെ വധിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് രാഖിനെയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മ്യാന്മര് സേനയും ബുദ്ധമത വിഭാഗക്കാരും ഒരുപോലെ റോഹിംഗ്യകള്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. പലയിടങ്ങളിലും റോഹിംഗ്യകള്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ക്ക് സൈന്യം തീയിട്ടു.
നിരവധി സ്ഥലങ്ങളില്‍ സൈന്യവും റോഹിംഗ്യകളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലുണ്ടായി. സാമുദായിക ലഹളയില്‍ ഒരാഴ്ചക്കുള്ളില്‍ 400 റോഹിംഗ്യകളാണ് കൊല്ലപ്പെട്ടത്.
ഇതുവരെ 38,000 അഭയാര്‍ഥികള്‍ അതിര്‍ത്തി കടന്നതായി ബംഗ്ലാദേശിലെ യു.എന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. മ്യാന്മറിലെ ഏറ്റവും ദരിദ്ര സംസ്ഥാനമാണ് രാഖിനെ. പത്തു ലക്ഷത്തോളം റോഹിംഗ്യന്‍ വിഭാഗക്കാരാണ് രാഖിനെയിലുള്ളത്. ആയിരങ്ങള്‍ ഇപ്പോഴും അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുകയാണ്.
സംഘര്‍ഷമേഖലയില്‍ സൈന്യം ബലാത്സംഗവും കൊള്ളയുമുള്‍പ്പെടെ നടത്തുന്നതായി രക്ഷപ്പെട്ടവര്‍ പറയുന്നു. റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി തീവ്രവാദ സംഘടനയാണെന്ന നിലപാടാണ് സൈന്യം കൈക്കൊള്ളുന്നത്. അതേസമയം മ്യാന്മര് ഭരണകൂടം തങ്ങളെ പൗരന്മാരായി പരിഗണിക്കുന്നില്ലെന്ന് റോഗിംഗ്യകള് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."