ഹാദിയയുടെ വീട്ടുതടങ്കല്‍ യൂത്ത് ലീഗ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി
കൊച്ചി: കോട്ടയം വൈക്കത്തെ വീട്ടില്‍ തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന് പരാതി നല്‍കി.
പിതാവിനെ കസ്റ്റോഡിയന്‍ ആയി തീരുമാനിക്കുകയും ഹാദിയക്ക് പൊലിസ് സംരക്ഷണം നല്‍കണമെന്നുമാണ് ഹൈക്കോടതി വിധിയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ച് ഹാദിയയെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ഥിനികളെ തടയുകയും കേസെടുക്കുകയുമാണ് പൊലിസ് ചെയ്തിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഹാദിയക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും നല്‍കണമെന്ന് യൂത്ത് ലീഗ് പരാതിയില്‍ ആവശ്യപ്പെട്ടു.
കമ്മിഷന്‍ ചെയര്‍മാനെന്ന നിലയില്‍ സ്വന്തമായോ കോട്ടയം ജില്ലയുടെ ചുമതലയുള്ള കമ്മിഷന്‍ അംഗമോ ഹാദിയയുടെ വീട് സന്ദര്‍ശിച്ച് നിജസ്ഥിതി പരിശോധിക്കുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കി. ഹാദിയയുടെ പ്രശ്‌നം സാമുദായിക വിഷയമല്ലെന്നും മനുഷ്യാവകാശ ലംഘനത്തിന്റെ പ്രശ്‌നമാണെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ പരാതി സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹാദിയ വിഷയത്തില്‍ നിയമപരമായ എല്ലാ സഹായങ്ങളും യൂത്ത് ലീഗ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍ എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."