ത്യാഗ സ്മരണകളുണര്‍ത്തി ബലിപെരുന്നാള്‍ ആഘോഷം
റിയാദ് /കോഴിക്കോട്: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍ ഈദുല്‍ അള്ഹ (ബലിപെരുന്നാള്‍) ആഘോഷിച്ചു. ഉത്തരേന്ത്യയിലും ചില വിദേശ രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാള്‍.
മാനവ ഐക്യവും സാഹോദര്യവും വിളിച്ചോതി ഹജ്ജിനെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ വെള്ളിയാഴ്ച രാവിലെ ജംറതുല്‍ അഖബയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് ത്വവാഫിനും പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കുന്നതിനും വിശുദ്ധ മക്കയിലേക്ക് ഒഴുകിയെത്തി.
മക്ക നിവാസികളും സമീപവാസികളും പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കുന്നതിന് ഹറം പള്ളിയില്‍ എത്തിച്ചേര്‍ന്നിരുന്നു. സുബ്ഹി മുതല്‍ തന്നെ ഹറം പള്ളികള്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
മക്കയിലെ ഹറം പള്ളിയില്‍ ഡോ. ശൈഖ് മാഹിര്‍ അല്‍ മുഅയിഖിലിയും മദീനയിലെ പ്രവാചക പള്ളിയില്‍ ശൈഖ് അബ്ദുല്‍ മുഹ്സിന് അല്‍ഖാസിമും പെരുന്നാള്‍ നിസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്കി.
മുഴുവന്‍ ജി.സി.സി രാജ്യങ്ങളിലും മറ്റു അറബ് രാജ്യങ്ങളിലും വെള്ളിയാഴ്ച തന്നെയായിരുന്നു ബലിപെരുന്നാള്‍. നാട്ടിലും പ്രവാസലോകത്തും ഒരേദിനം പെരുന്നാള്‍ വന്നെത്തിയത് പ്രവാസികള്‍ക്കും ഏറെ സന്തോഷമേകി.
കേരളത്തില്‍ പെരുന്നാള്‍ നിസ്കാരത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്കി. തനിക്കു പ്രിയപ്പെട്ടതെന്തും സ്രഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിക്കാനുള്ള വിശ്വാസിയുടെ സന്നദ്ധതയും അതിലൂടെ ലഭ്യമാവുന്ന ആത്യന്തികമായ മോക്ഷത്തിന്റെയും മഹിതസന്ദേശമാണ് ഈദുല്‍ അദ്ഹ വിളിച്ചോതുന്നതെന്ന് ഖത്വീബുമാര്‍ ഉദ്ബോധിപ്പിച്ചു.
നിസ്കാരത്തിനുശേഷം മണ്മറഞ്ഞ മാതാപിതാക്കളുടെയും ഉറ്റ ബന്ധുക്കളുടെയും ഖബര്‍ സന്ദര്‍ശിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ഥന നടത്തിയാണ് മിക്കവരും പിരിഞ്ഞത്. പിന്നീട് ബന്ധുക്കളുടെയും അയല്‍വാസികളുടെയും വീടുകള്‍ സന്ദര്‍ശിച്ച് സ്നേഹബന്ധം ഊട്ടിയുറപ്പിച്ചു.
നാടെങ്ങും സജീവമായി നടന്ന ഉള്ഹിയ്യത്ത് കര്‍മത്തിലും വിശ്വാസികള്‍ ഭക്തിയോടെ പങ്കാളികളായി. മഹല്ലുകളിലെല്ലാം സംഘടിതമായും ഒറ്റയായും ബലികര്‍മം നടത്തി മാംസം വിതരണം ചെയ്തിരുന്നു.
ബലിപെരുന്നാളും ഓണവും ഒരുമിച്ച അപൂര്‍വതയില്‍ ഇത്തവണത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് വിളംബരം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."