ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചതായി ഉത്തര കൊറിയ
സിയോള്‍: പ്രഹര ശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചതായി ഉത്തര കൊറിയയുടെ വെളിപ്പെടുത്തല്‍. ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മിതി. മാരകശേഷി കൂടിയ ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് പുറത്ത് വിട്ടത്. പ്രസിഡന്റ് കിം ജോങ് ഉന്‍ പരീക്ഷണശാല സന്ദര്‍ശിച്ച് തുടര്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കിയതായി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷണശാലയിലെത്തിയ പ്രസിഡന്റ് കിം ജോങ് ഉന്‍ ശാസ്ത്രജ്ഞന്മാരുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ചിത്രങ്ങളും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ശത്രുരാജ്യങ്ങളായ ദക്ഷിണ കൊറിയക്കും അമേരിക്കക്കും എതിരായി, രാജ്യത്തിന്റെ ആണവശേഖരം വര്‍ധിപ്പിക്കുകയാണ് ഉന്നിന്റെ ലക്ഷ്യം.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിച്ച് തെടുത്തുവിടുന്ന ബോംബ് ലക്ഷ്യസ്ഥാനം ചുട്ടെരിക്കും. എന്നാല്‍ വാര്‍ത്ത വിശ്വാസയോഗ്യമല്ലെന്നാണ് പ്രതിരോധ വിദഗ്ധരുടെ പ്രതികരണം.
ഇതിനോടകം അഞ്ച് ആണവപരീക്ഷണങ്ങള്‍ ഉത്തര കൊറിയ നടത്തിയിട്ടുണ്ട്. ഏത് സമയവും അടുത്ത പരീക്ഷണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജപ്പാന് മുകളില്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് മേഖലയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."