ഇന്ന് ഉത്രാടപ്പാച്ചില്‍; നാട്ടിടവഴികളില്‍ ഓണപ്പൊട്ടന്‍മാര്‍ സജീവമാകും
കുറ്റ്യാടി: തിരുവോണം കെങ്കേമമാക്കാന്‍ അവസാനവട്ട തിരക്കിലലിഞ്ഞ മലയാളിയുടെ ഉത്രാടപ്പാച്ചിലിന് പൊലിമയേകി പ്രജകള്‍ക്ക് അനുഗ്രഹവുമായി നാട്ടിടവഴികളില്‍ മാവേലിയുടെ പ്രതിരൂപമായ ഓണപ്പൊട്ടന്‍മാര്‍ (ഓണേശ്വരന്‍) സജീവമാകും.സമ്പദ്‌സമൃദ്ധമായ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മകള്‍ നിറയുന്ന ഓണനാളുകളില്‍ കടത്തനാടന്‍ ഗ്രാമങ്ങളില്‍ കണ്ടുവരുന്ന ഓണപ്പൊട്ടന്‍മാരെ മഹാബലിയുടെ അവതരമായിട്ടാണ് കരുതുന്നത്. നാട്ടാചാരങ്ങളുടെ തനിമ നഷ്ടപ്പൊടാതെ കാത്തുസൂക്ഷിക്കുന്ന ഓണപ്പൊട്ടന്‍മാര്‍ കടത്തനാടിന്റെ മാത്രം സ്വകാര്യതയാണ്. കടത്തനാട് രാജാവ് മലയസമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കല്‍പിച്ചു നല്‍കിയ ഈ അവകാശം തലമുറകളില്‍നിന്ന് തലമുറകളിലേക്കു പകര്‍ന്ന് പ്രൗഢി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്ന കുടുംബങ്ങള്‍ ഇന്നും പ്രദേശത്ത് ധാരാളമുണ്ട്.
തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്ന ഉത്രാടനാളില്‍ മണികിലുക്കി, ഓലക്കുടയും ചൂടി നാട്ടിലുടനീളം സജീവമാകുന്ന ഓണപ്പൊട്ടന്‍മാര്‍ അത്തം മുതല്‍ തുടങ്ങുന്ന വ്രതാനുഷ്ഠാനത്തിനു ശേഷമാണ് വേഷവിധാനങ്ങള്‍ അണിഞ്ഞ് നാട്ടിലിറങ്ങുന്നത്. ഉത്രാടം നാളില്‍ പുലര്‍ച്ചെ ചമയങ്ങള്‍ അണിഞ്ഞ് തറവാട്ട് കാരണവന്‍മാരെ വണങ്ങി നാടുചുറ്റാനിറങ്ങും. ഓട്ടുമണി കിലുക്കി ഓലക്കുടയും ചൂടി, ചുവപ്പു പട്ടുടുത്ത്, ചമയങ്ങളണിഞ്ഞ് കിരീടവും ധരിച്ച്, തോളില്‍ ഭാണ്ഡവും പേറി വീടുകളിലെത്തുന്ന ഓണപ്പൊട്ടന്‍മാരെ വീട്ടമ്മമാര്‍ നിലവിളക്കും നിറനാഴിയും വച്ച് സ്വീകരിച്ച് അരിയും പണവും നല്‍കി യാത്രയാക്കും.
എല്ലാം പ്ലാസ്റ്റിക്കിലേക്കു വഴിമാറിയ പുതിയകാലത്ത് പരമ്പരാഗത രീതികള്‍ ഒട്ടും കൈവിടാതെയാണ് ഓണപ്പൊട്ടന്‍മാരുടെ വേഷഭൂഷാധികള്‍ ഒരുക്കുന്നത്. കാണി, ചുകപ്പ്, ചൊറകച്ചില, കച്ചാല്‍ക്കര, ചീരപ്പ്, മുന്നാക്ക്, ഉറുക്കുംപടി, കടകന്‍, താണ്ട, താടി, തിരുമുടി, കൊമ്പന്‍, ഓലക്കുട, ചാമരം, ഓട്ടുമണി, പൂത്തണ്ട തുടങ്ങിയവയാണ് ഓണേശ്വരന്‍മാരുടെ വേഷവിധാനം. കിരീടം ധരിച്ചുകഴിഞ്ഞാല്‍ ആരോടും ഒന്നും ഉരിയാടാത്തതു കൊണ്ടാണ് ഓണേശ്വരന്‍മാരെ ഓണപ്പൊട്ടന്‍മാര്‍ എന്നു വിളിക്കുന്നത്. ഓണഘോഷത്തോടനുബന്ധിച്ചു പല ദിക്കുകളില്‍ പല ചടങ്ങുകളും ആചാരങ്ങളും നിലനില്‍ക്കുമ്പോള്‍തന്നെ വടക്കെ മലബാറിലെ പ്രത്യേകിച്ച് വടകര താലൂക്കിലെ ഗ്രാമങ്ങളെ സജീവമാക്കുന്ന കുറ്റ്യാടി മേഖലയിലെ ഓണപ്പൊട്ടന്‍മാരെല്ലാം ഇന്നു പുലര്‍ച്ചെ നിട്ടൂര്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പന്തീരടി മനയിലെത്തി മുണ്ടും ദക്ഷിണയും സ്വീകരിച്ചാണ് പ്രജകളെ കാണാനിറങ്ങുക.
'കാണം വിറ്റും ഓണം ഉണ്ണണം' എന്ന ചൊല്ല് അന്വര്‍ഥമാക്കാനുള്ള തിരക്കിലാണ് നാടെങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."