ഓണം വാരാഘോഷത്തിനൊരുങ്ങി ജില്ല
കല്‍പ്പറ്റ: പ്ലാസ്റ്റിക് രഹിത ഓണാഘോഷത്തിനൊരുങ്ങി ജില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ത്രിതലപഞ്ചായത്തുകളും സംയുക്തമായാണ് ഇന്നു മുതല്‍ ഒന്‍പത് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
മെഗാ ഫെസ്റ്റിവലിന്റെ ഭാഗമായി എടക്കല്‍ ഹെറിറ്റേജ് ഫെസ്റ്റ്, കറലാട് ഫെസ്റ്റ്, ആറാട്ടുപാറ അഡ്വഞ്ചര്‍ ഫെസ്റ്റ്, കുറുവ വില്ലേജ് ഫെസ്റ്റ്, പഴശ്ശി ട്രൈബല്‍ ഫെസ്റ്റ്, തുടങ്ങിയ അനുബന്ധ മേളകളും ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും.
എല്ലാ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലും തദ്ദേശീയരുടെ സഹകരണത്തോടെ സഞ്ചാരികള്‍ക്കായി പ്രത്യേക ആഘോഷപരിപാടികളുമുണ്ടാകും. എടക്കല്‍ ഗുഹാ പാര്‍ക്കിങിലെ ഹെറിറ്റേജ് ഫെസ്റ്റ് വേദിയില്‍ ഇന്ന് രാവിലെ 11ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
വിവിധ കേരളീയ കലാരൂപങ്ങളെ കോര്‍ത്തിണക്കി ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന ഓണം വിളംബര ഘോഷയാത്ര, നാട്ടുകൂട്ടം വയനാട് അവതരിപ്പിക്കുന്ന നാടന്‍പാട്ട് എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. ജില്ലാതല മഡ് ഫുട്‌ബോള്‍ മത്സരം ഐ.എസ്.എല്‍ ഫെയിം ഫുട്‌ബോള്‍ താരം സുശാന്ത് മാത്യു ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഒന്‍പതിന് ആറാട്ടുപാറ അഡ്വഞ്ചര്‍ ഫെസ്റ്റില്‍ ആറാട്ടുപാറ സാഹസിക വിനോദയാത്ര കലക്ടര്‍ എസ്.സുഹാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ആറിന് വൈകിട്ട് നാലിന് കുറുവ വില്ലേജ് ഫെസ്റ്റ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
എട്ടിന് രാവിലെ 10ന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രശ്‌നോത്തരി മത്സരം മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ നടക്കും. ഒന്‍പതിന് ഉച്ചക്ക് രണ്ടിന് ജില്ലാതല വടംവലി മത്സരം വാഴവറ്റയില്‍ നടക്കും. വൈകിട്ട് നാലിന് ഓണം സമാപന ഘോഷയാത്ര കല്‍പ്പറ്റയില്‍ നടക്കും. സമാപന സമ്മേളനം സി.കെശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കലാസന്ധ്യ, ഗാനമേള എന്നിവ നടക്കും. മഡ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകള്‍ 9847884242 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഡസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."