പിണറായി സര്‍ക്കാരിനെ മദ്യ മുതലാളിമാര്‍ വിലക്കുവാങ്ങി: യൂത്ത് ലീഗ്
കല്‍പ്പറ്റ: ഫോര്‍ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകള്‍ക്ക് ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയില്‍ പാലിക്കേണ്ട ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കി കുറയ്ക്കാന്‍ ഉത്തരവിട്ട കേരളത്തിലെ ഇടത് സര്‍ക്കാരിനെ മദ്യ മുതലാളിമാര്‍ വിലക്കുവാങ്ങിയിരിക്കുകയാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി.കെ ആരിഫ് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.
നേരത്തേ ദൂരപരിധി 50 മീറ്ററായിരുന്നത് 2011ലെ യു.ഡി.എഫ് സര്‍ക്കാരാണ് 200 മീറ്റര്‍ ആക്കിയത്. ഇടതുസര്‍ക്കാര്‍ ഈ തീരുമാനം മാറ്റിയതിലൂടെ സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമടുത്ത് ബാറുകള്‍ തുറക്കുന്നത് മൂലം ദുരവ്യാപകമായ ഭവിഷത്തുകളാണ് ഉണ്ടാവാന്‍ പോവുന്നത്.
ദേശീയപാതക്ക് സമീപം ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന കോടതിവിധിയെ മറികടക്കാന്‍ പാതയുടെ തലം മാറ്റാന്‍ തയാറായ ഇടതുസര്‍ക്കാര്‍ ദൂരം കുറക്കാനുള്ള തീരുമാനംകൂടി കൈക്കൊണ്ടതോടെ സംസ്ഥാനം മദ്യ മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്.
തെരെഞ്ഞെടുപ്പ് സമയത്ത് മദ്യ വര്‍ജനവും ബാറുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തുമെന്ന് പ്രചരണം നടത്തി അധികാരത്തിലെത്തിയ ഇടതുമുന്നണി മദ്യ മുതലാളിമാരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി കേരള ജനതയെ മുഴുവന്‍ വഞ്ചിച്ചിരിക്കുകയാണെന്നും മദ്യമുതലാളിമാരുടെ ഫണ്ട് ഉപയോഗിച്ചാണ് ഇടത് എം.എല്‍.എമാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും സര്‍ക്കാരിന്റെ ഉദാരമദ്യനയത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.
പട്ടികവര്‍ഗ്ഗ കോളനികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ സമീപത്ത് മദ്യഷാപ്പുകള്‍ തുടങ്ങിയാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."