ആറളം ഫാം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ വക രണ്ടു കോടി
കണ്ണൂര്‍: ആറളം ഫാമിലെ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പള കുടിശികയും ബോണസും ഓണം അലവന്‍സും നല്‍കുന്നതിന് സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു മാസമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. കമ്പനിക്ക് തൊഴിലാളികളുടെ ശമ്പള കുടിശികയും മറ്റ് ആനുകൂല്യങ്ങളും ഉടനെ നല്‍കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യത്തിലാണ് ഓണം പ്രമാണിച്ച് സര്‍ക്കാര്‍ തുക അനുവദിച്ചത്. ഇന്നലെ വൈകുന്നേരം ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. തുക മാറിനല്‍കുന്നതിന് ട്രഷറി നിയന്ത്രണവും ഒഴിവാക്കി ധനകാര്യ വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ കൃഷി വികസനത്തിന് 60 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. കമ്പനിക്ക് സ്വതന്ത്രചുമതലയുള്ള പുതിയ എം.ഡിയായി ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മിഷണറായിരുന്ന കെ.പി വേണുഗോപാലനെ കഴിഞ്ഞ ദിവസം നിയമിച്ചു. ആറളത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."