ചാത്തല്ലൂരില്‍ ഉരുള്‍പൊട്ടി
എടവണ്ണ: ഒതായി ചാത്തല്ലൂരില്‍ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിലാണ് പടിഞ്ഞാറെ ചാത്തല്ലൂര്‍ അട്ടിയില്‍ ചോലാറ, കപ്പക്കല്ല് ആദിവാസി കോളനികള്‍ക്കു സമീപം ഉരുള്‍പൊട്ടിയത്. ആളപായമില്ല.
പ്രദേശത്തു രണ്ടു ദിവസമായി മഴയുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് ശക്തി പ്രാപിച്ചത്. ഇതു പുലര്‍ച്ചെ രണ്ടുവരെ തുടര്‍ന്നു. ഇതിനിടയില്‍ പന്ത്രണ്ടോടെയാണ് ഉരുള്‍പൊട്ടി വെള്ളവും മണ്ണും പാറക്കൂട്ടങ്ങളും കൃഷിയിടങ്ങളിലൂടെയും വിടുകളിലൂടെയും ഒഴുകിയത്. ചോലാറ ആദിവാസി കോളനിക്കു സമീപത്തെ പൊന്‍പാറ പോത്തട്ടി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ചാമക്കപ്പാറ കടുങ്ങിയുടെ മകള്‍ ബിന്ദുവിന്റെ വീട്ടില്‍ വെള്ളവും മണ്ണും കയറി താമസയോഗ്യമല്ലാതായി. വീട്ടിലെ അടുക്കള സാധനങ്ങളും വസ്ത്രങ്ങളും വെള്ളത്തില്‍ ഒലിച്ചുപോയി.
കൊളപ്പാടന്‍ മലയിലെകപ്പക്കല്ല് ആദിവാസി കോളനിക്കു സമീപത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കൊളപ്പാടന്‍ ഉണ്ണീരാന്റെ വീട്ടിനുള്ളിലും മണ്ണും ചെളിയും നിറഞ്ഞു. വലിയ പാറക്കല്ലുകളും മറ്റും മലവെള്ളപ്പാച്ചിലിനിടെ വീടിന്റെ ഒരു ഭാഗം തകര്‍ത്തു. ചാത്തല്ലൂര്‍ ചെരപ്പറമ്പിനു സമീപത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടശ്ശേരി മുസ്തഫയുടെ കോഴി ഫാമിനകത്തുകൂടി മലവെള്ളം ഒഴുകി ഒരാഴ്ച പ്രായമായ 4,650 കോഴിക്കുഞ്ഞുങ്ങള്‍ ഒലിച്ചുപോയി. രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
നിരവധി കര്‍ഷകരുടെ വാഴ, റബര്‍, കപ്പ, കമുങ്ങ്, നെല്ല് തുടങ്ങിയവ നശിച്ചു. സമീപത്തെ കേലേന്‍ തോടിന്റെ സംരക്ഷണഭിത്തി മിക്ക സ്ഥലങ്ങളിലും തകര്‍ന്നു. കരകവിഞ്ഞൊഴുകിയ തോട് പല കര്‍ഷകരുടെയും കൃഷിയിടത്തിലൂടെയാണ് ഗതിമാറി ഒഴുകുന്നത്. വൈദ്യുതിക്കാലുകള്‍ തകര്‍ന്നു വൈദ്യുതി വിതരണവും നിലച്ചിട്ടുണ്ട്. ചാത്തല്ലൂര്‍ അട്ടിയില്‍നിന്നു ചോലാ റ ആദിവാസി കോളനികളിലേക്കുള്ള റോഡും ചെരപ്പറമ്പ് കപ്പക്കല്ല് റോഡും പൂര്‍ണമായും തകര്‍ന്നു കാല്‍നടയാത്രയ്ക്കു പോലും യോഗ്യമല്ലാതായി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ അബ്ദുല്‍ റഷീദ്, ഏറനാട് താസില്‍ദാര്‍ കെ. ദേവകി, ഡെപ്യൂട്ടി താസില്‍ദാറുമാരായ സിദ്ദീഖ്, അലവി, എടവണ്ണ വില്ലേജ് ഓഫിസര്‍ എന്‍.വി മറിയുമ്മ, പെരകമണ്ണ വില്ലേജ് അസി. സക്കീര്‍ ഹുസൈന്‍, ഫീല്‍ഡ് അസി. ജലീല്‍, എടവണ്ണ വില്ലേജ് അസി. വിശ്വനാഥന്‍, തിരുവാലി ഫയര്‍ഫോഴ്‌സ് യൂനിറ്റ്, എടവണ്ണ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍, എടവണ്ണ പൊലിസ് തുടങ്ങിയവര്‍ പുലര്‍ച്ചെതന്നെ സ്ഥലത്തെത്തിയിരുന്നു. പിന്നീട് സിവില്‍ സപ്ലൈസ് ഭക്ഷ്യവകുപ്പ് മന്ത്രി തിലോത്തമനും ചാത്തല്ലൂരിലെത്തി.
ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച വീട്ടുകാര്‍ക്കു സൗജന്യ റേഷന്‍ നല്‍കാനും അടിയന്തിരമായി ഇവരെ മാറ്റിപ്പാര്‍പ്പിക്കുവാനും സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. നാശനഷ്ടം സംഭവിച്ച ചോലാറ ആദിവാസി കോളനിയിലെ ബിന്ദുവിന്റെ കുടുംബത്തിന് ഐ.ടി.ഡി.പിയുടെ ഫണ്ടില്‍നിന്നു 5,000 രൂപ അടിയന്തിര സഹായമായി പ്രൊജക്ട് ഓഫിസര്‍ കെ.കൃഷ്ണനും എടവണ്ണ കെ.എം മുസ്തഫ ട്രസ്റ്റിന്റെ ധനസഹായമായി 5,000 രൂപ ട്രസ്റ്റ് ചെയര്‍മാന്‍ ഇ.എ കരീമും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."