പോക്‌സോ; ഏഴു മാസത്തിനിടെ 123 കേസുകള്‍
മലപ്പുറം: കുട്ടികളുടെ അവകാശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ജില്ലയിലും പ്രത്യേക പോക്‌സോ കോടതി വേണമെന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിക്ഷന്‍, സാമൂഹ്യനീതി വകുപ്പ് എന്നിവയ്ക്കു പ്രത്യേക ശുപാര്‍ശകള്‍ നല്‍കും.
ലൈംഗിക അതിക്രമങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമപ്രകാരം ജില്ലയില്‍ ഈ വര്‍ഷം ജൂലൈവരെ 123 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്‌സോ നിയമ പ്രകാരം മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ 455 കേസുകള്‍ പരിഗണനയിലാണ്.
ജില്ലയിലെ കുട്ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചു കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു.
ഇനി മലപ്പുറത്തുനിന്നും കുട്ടികളെ ദത്തെടുക്കാം
ജില്ലയില്‍ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രമായി മാറ്റുന്നതിനായി രണ്ടത്താണിയിലെ ശാന്തിഭവനം എന്ന കേന്ദ്രം കണ്ടെത്തി സര്‍ക്കാരിനു ശുപാര്‍ശ നല്‍കി.
അംഗീകാരം ലഭിക്കുന്നതോടുകൂടി ജില്ലയിലും ദത്തെടുക്കല്‍ കേന്ദ്രം യാഥാര്‍ഥ്യമാകും.
നിലവില്‍ ദത്ത് നല്‍കുന്നതിനായി ആറു കുട്ടികള്‍ മലപ്പുറത്തെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്നുണ്ട്.
യതീംഖാനകള്‍
രജിസ്റ്റര്‍ ചെയ്യണം
2015ലെ ബാലനീതി നിയമപ്രകാരം എല്ലാ ബാലസംരക്ഷണ കേന്ദ്രങ്ങളും രജിസ്റ്റര്‍ ചെയ്തു കുട്ടികള്‍ക്കുള്ള സേവനങ്ങള്‍ അവരുടെ വളര്‍ച്ച, സംരക്ഷണം എന്നിവ ഉറപ്പുവരുത്തണം. ജില്ലയില്‍ നിലവിലുള്ള 135 യതീംഖാനകളും ബാലനീതി നിയമപ്രകാരം കുട്ടികളുടെ സംരക്ഷണ കേന്ദ്രമാക്കാന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ബാലനീതി നിയമപ്രകാരം മൂന്നു ബാലസംരക്ഷണ കേന്ദ്രങ്ങള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.
ബാല്യവിവാഹ, പോക്‌സോ കേസുകളില്‍ ശക്തമായ നടപടി
2017 ജൂണ്‍വരെ 130 ബാല്യവിവാഹ പരാതികള്‍ ലഭിച്ചു. 29 ബാല്യവിവാഹ നിരോധന ഓഫിസര്‍മാര്‍ മുഖേന 121 ബാല്യവിവാഹങ്ങളും തടയാനായി. 63 ബാല്യവിവാഹങ്ങള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിലൂടെയാണ് തടഞ്ഞത്. എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നിയമ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."