ഓണത്തിരക്കില്‍ നാടും നഗരവും
പാലക്കാട്: ആഹ്ലാദത്തിന്റെ പൂക്കളം പോലെ ഓണത്തിരക്കില്‍ വീര്‍പ്പുമുട്ടി നാടും നഗരവും. ഇന്ന് ഉത്രാടം; നാളെ മലയാളികളുടെ പൊന്നോണം. പാലക്കാട് നഗരത്തിലെ വലിയങ്ങാടി, സുല്‍ത്താന്‍പേട്ട, കോളജ് റോഡ്, ടിബി റോഡ്, ശകുന്തള ജങ്ഷന്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ കച്ചവടം പൊടിപൊടിക്കുകയായിരുന്നു.
വലിയ കടകളിലും തെരുവുകളിലും കച്ചവടം ഇരമ്പി. ഇടക്കു മഴപെയ്‌തെങ്കിലും വഴിവാണിഭക്കാര്‍ക്കും നല്ല കച്ചവടമുണ്ടായി. തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍, പച്ചക്കറി, പലവ്യഞ്ജനം, പൂക്കള്‍ എന്നിവയുടെ കച്ചവടമാണ് പൊടിപൊടിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ഓണത്തിനായി അടഞ്ഞതോടെ ജനങ്ങള്‍ ഓണവിപണിയിലേക്ക് കൂട്ടമായി എത്തുകയായിരുന്നു. ഇവര്‍ എത്തിയ വാഹനങ്ങളുടെ തിരക്കും പാര്‍ക്കിങ്ങും ഒക്കെച്ചേര്‍ന്ന് എല്ലായിടത്തും ഗതാഗതം വീര്‍പ്പ്മുട്ടി.
പൂവിപണിയിലാണ് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടത്. പരമ്പരാഗതമായി പൂക്കച്ചവടം നടത്തുന്ന കടകള്‍ക്കു പുറമേ നിരവധി ചെറുതും വലുതുമായ താല്‍ക്കാലിക പൂക്കടകള്‍ പ്രത്യക്ഷപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും മത്സരബുദ്ധിയോടെ പൂക്കളമൊരുക്കിയതിനാല്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് കോടിക്കണക്കിന് രൂപയുടെ പൂക്കളാണ് കേരളത്തില്‍ വിറ്റഴിഞ്ഞത്.
റോഡരികില്‍ പൂക്കള്‍ കൂമ്പാരമായി കൂട്ടി വില്‍പ്പന നടത്തുന്ന നൂറുകണക്കിനാളുകളെ ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കണ്ടു. പച്ചക്കറി വില്‍പ്പനക്ക് ജില്ലയില്‍ നൂറിലേറെ ന്യായവില വില്‍പ്പനകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. അതിനു പുറമേ നിരവധി താല്‍കാലിക പച്ചക്കറി വില്‍പ്പനശാലകളും നഗരങ്ങളില്‍ തുറന്നു.
ഐആര്‍ഡിപി വിപണനമേള, ഖാദി, കൈത്തറി പ്രത്യേക റിബേറ്റോടു കൂടിയ വില്‍പ്പനമേളകള്‍ എന്നിവയും ചേര്‍ന്നപ്പോള്‍ നഗരങ്ങളിലെ കച്ചവടം റെക്കോഡ് ഉയരത്തിലായി. നഗരപ്രദേശങ്ങളിലേക്ക് പതിനായിരക്കണക്കിനാളുകള്‍ ഓണക്കച്ചവടത്തിനായി എത്തിയെങ്കിലും ഗതാഗതത്തിരക്കല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
ഗതാഗതനിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായി ആയിരക്കണക്കിന് പൊലീസുകാര്‍ രംഗത്തുണ്ടായിരുന്നു. ഉത്രാടദിനമായ ഇന്ന് കൂടി ഓണക്കച്ചവടം പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ധ്യയോടെ പാലക്കാട് നഗരത്തില്‍നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിനാളുകളെക്കൊണ്ട് ബസുകള്‍ തിങ്ങിനിറഞ്ഞു.
കോയമ്പത്തൂരില്‍നിന്ന് മറ്റുമായി ഓണ അവധിക്ക് നാട്ടിലെത്തിയവരുടെ തിരക്കും കൂടിയായപ്പോള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും സ്വകാര്യ ബസ് സ്റ്റാന്‍ഡുകളും തിങ്ങിനിറഞ്ഞു.
ഇന്ന് ഓണാഘോഷം തുടങ്ങുന്നതോടെ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ ആസ്വദിക്കാനും മലമ്പുഴയടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കും പതിനായിരങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."