ഗ്രീന്‍ പ്രോട്ടോകോള്‍ വിവാഹത്തിലൂടെ കൈകോര്‍ത്ത് അനിലയും അഭിലാഷും
പാലക്കാട്: അനിലയും അഭിലാഷും ഇനി അറിയപ്പെടുക ജില്ലയിലെ ആദ്യ ഗ്രീന്‍ പ്രോട്ടോകോള്‍ വിവാഹത്തിലൂടെ ദമ്പതികളായവര്‍ എന്ന പേരിലായിരിക്കും. നെല്ലായ ഇരുമ്പലാശ്ശേരി സ്വദേശിനി അനിലയും പട്ടാമ്പി മരുതൂര്‍ സ്വദേശി അഭിലാഷും തമ്മിലുള്ള വിവാഹം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിച്ചാണ് വ്യത്യസ്തമായത്. ജില്ലാ ശുചിത്വമിഷന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടന്ന വിവാഹത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്റ്ററും ഒപ്പിട്ട മംഗളപത്രം നവദമ്പതികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി കൈമാറി.
ചെര്‍പ്പുളശ്ശേരി അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ എസ്. രമാഭായി, പ്രോഗ്രാം ഓഫീസര്‍ എ. ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.
പേപ്പര്‍ ഇല, ഗ്ലാസ് എന്നിവ ഒഴിവാക്കി വാഴയിലയിലും സ്റ്റീല്‍ ക്ളാസിലുമാണ് സദ്യയും പായസവും വിളമ്പിയത്. പുഷ്പങ്ങളും കടലാസും പ്ലൈവുഡുമാണ് ഉപയോഗിച്ചാണ് വിവാഹവേദി അലങ്കരിച്ചത്. വിവാഹശേഷമുള്ള മാലിന്യങ്ങളും മറ്റ് വസ്തുക്കളും ശാസ്ത്രീയമായി ഓഡിറ്റോറിയത്തില്‍ തന്നെ സംസ്കരിച്ചു.
വിവാഹത്തോടനുബന്ധിച്ച് ചെര്‍പ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സദ്യയും നല്കി. സാമൂഹിക പ്രവര്‍ത്തകനും സെന്റര്‍ ഫോര്‍ പാലിയെറ്റിവ് കെയര്‍ ട്രെയിനിങ് ജില്ലാ കോഡിനേറ്ററുമായ മധുസൂധനന്റേയും അനിതയുടേയും മകളാണ് അനില. അവസാന വര്‍ഷ എം.കോം വിദ്യാര്‍ഥിനിയാണ്. കുഞ്ഞുകുട്ടന്, രമണി ദമ്പതികളുടെ മകനാണ് സൗദി അറേബ്യയില്‍ എന്‍ജിനിയറായ അഭിലാഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."