ജില്ലാതല ഓണാഘോഷ പരിപാടികള്‍ ഇന്നുമുതല്‍
തൃശൂര്‍: ജില്ലാതല ഓണാഘോഷ പരിപാടികള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, ജില്ലാ ഭരണകൂടം, തൃശൂര്‍ കോര്പ്പറേഷന് എന്നിവര്‍ സംയുക്തമായിട്ടാണ് വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് ആറിന് മന്ത്രി എ.സി മൊയ്തീന് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാവും. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി ഇന്ന് വൈകിട്ട് മൂന്നിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരും ജനപ്രതിനിധികളും തമ്മിലുള്ള സൗഹൃദ വടംവലി മല്‍സരവും തുടര്‍ന്ന് പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളവും അരങ്ങേറും.
ദിവസവും വൈകിട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഏഴിന് വൈകിട്ട് പുലിക്കളിക്ക് ശേഷം ചേരുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രധാനവേദിയായ തേക്കിന്‍കാട് മൈതാനിക്ക് പുറമെ വാഴാനി, പീച്ചി, തുമ്പൂര്‍മുഴി, മുനയ്ക്കല്‍ ബീച്ച്, സ്നേഹതീരം ബീച്ച് എന്നിവിടങ്ങളിലും വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.
25 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ക്കായി അനുവദിച്ചിട്ടുള്ളത്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍പേഴ്സണ്‍ മേയര്‍ അജിത ജയരാജന്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് അഡ്വ.കെ രാജന് എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."