ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും; നാളെ തിരുവോണം
തിരുവനന്തപുരം: തിരുവോണമാഘോഷിക്കാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലില്‍ നാടും നഗരവും. ഉത്രാടദിനത്തില്‍ എല്ലായിടത്തും ഓടിയെത്തി അവസാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നാളെ മലയാളികള്‍ ഓണമാഘോഷിക്കും.
ഇന്നലെയും നഗരത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വസ്ത്രവ്യാപാരശാലകളും പൊതുവിപണിയും തിരക്കിലമര്‍ന്നു.
ചാല ഉള്‍പ്പെടെയുള്ള നഗരത്തിലെ പ്രധാന വിപണികളിലെല്ലാം വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്ന് ഇതിലും വലിയ തിരക്കായിരിക്കും വിപണികളില്‍.
സദ്യവട്ടങ്ങളൊരുക്കുവാനുള്ള പച്ചക്കറികള്‍, പൂക്കളമിടാന്‍ പൂക്കള്‍ എന്നിവയെല്ലാം ഉത്രാടദിനത്തില്‍ ഓടിനടന്ന് വാങ്ങുന്ന ലഹരി മറ്റൊന്നിനുമുണ്ടാകില്ല.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചിട്ടുള്ള ഓണംവാരാഘോഷത്തിന് തിരി തെളിഞ്ഞതോടെ നഗരത്തില്‍ ജനത്തിരക്കേറി.
ഇന്ന് നിശാന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്രനടി മഞ്ജുവാര്യരുടെ നൃത്താവതരണം ഉള്‍പ്പെടെ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
വൈകിട്ട് 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 40 കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.
6.15-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നന്മ നിറവില്‍ നല്ലോണം എന്ന പരിപാടിയില്‍ സംഗീത നിശയും നൃത്താവതരണവും നടക്കും.
കനകക്കുന്ന് ഗേറ്റില്‍ വൈകിട്ട് നാലിന് ശ്രീപത്മനാഭ കലാക്ഷേത്രം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും അഞ്ച് മുതല്‍ ഹൈനസ് സാംസ്‌കാരിക സമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളവും നടക്കും.
ശ്രീവരാഹം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ഏഴ് മണിക്ക് രാഗമാലിക അവതരിപ്പിക്കുന്ന ഗാനമേളയും നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ടില്‍ 5.30 മുതല്‍ കിളിമാനൂര്‍ സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും ഏഴ് മണിമുതല്‍ ട്രിവാന്‍ഡ്രം സ്വീറ്റ് മെലഡീസിന്റെ ഗാനമേളയും അരങ്ങേറും.
ഇന്നും നാളെയും നഗരത്തില്‍ തിരക്കേറുമെന്നതിനാല്‍ കനത്ത സുരക്ഷയാണ് സിറ്റി പൊലിസ് ഒരുക്കിയിട്ടുള്ളത്.
ഇതിനകം കൂടുതല്‍ പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ സുരക്ഷക്കായി പുതിയ കണ്‍ട്രോള്‍ റൂമുകളും തുറക്കും. കനകക്കുന്ന്, പൂജപ്പുര, സെന്‍ട്രല്‍ സ്റ്റേഡിയം, കിഴക്കേകോട്ട, കോവളം, കഴക്കൂട്ടം, ശംഖുമുഖം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും.
നിലവിലുള്ള കാമറകള്‍ക്കു പുറമേ വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ കാമറകളും സ്ഥാപിക്കും.
ഓണക്കാലത്ത് മോഷണം, പിടിച്ചുപറി എന്നിവയ്ക്ക് സാധ്യത കൂടുതലായതിനാല്‍ ഇത്തരം കേസുകളില്‍ മുന്‍പ് ഉള്‍പ്പെട്ടവരെ നിരീക്ഷിക്കാനും പൊലിസ് തീരുമാനിച്ചിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങള്‍ക്കായി സിറ്റി പൊലിസ് കമ്മിഷണറുടെ കീഴില്‍ രണ്ട് ഡിവൈ.എസ്.പി മാര്‍, 18 സി.ഐമാര്‍, 110 എസ്.ഐമാര്‍ ഉള്‍പ്പെടെ 1500 പൊലിസ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇവര്‍ക്ക് പുറമേ മറ്റു ജില്ലകളില്‍ നിന്നുമുള്ള പൊലിസ് ഉദ്യോഗസ്ഥരെയും നഗരിയില്‍ ഡ്യൂട്ടിക്കായി നിയമിക്കും.
ഇനിയുള്ള ദിവസങ്ങള്‍ നഗരം നിരീക്ഷണ വലയത്തിലായിരിക്കും.
നഗരത്തിലെ ഓണാഘോഷം നടക്കുന്ന 26 വേദികളിലും നിരീക്ഷണ സംവിധാനം ഒരുക്കും. 223 കാമറകളാണ് നിലവില്‍ നഗരത്തിന്റെ നിരീക്ഷണത്തിനായിട്ടുള്ളത്. ഇതിനു പുറമേ 100 കാമറകള്‍ അധികമായി സ്ഥാപിക്കും.
കൂടാതെ നഗരത്തിലെ തിരക്കുള്ള സ്ഥലങ്ങളില്‍ ഒളികാമറകളും സ്ഥാപിക്കാനാണ് പൊലിസിന്റെ തീരുമാനം.
പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 30 ല്‍പ്പരം പൊലിസ് വാഹനങ്ങളില്‍ മൂവിങ് കാമറകള്‍ സ്ഥാപിച്ച് നഗരത്തിലുടെ നീളം പ്രത്യേക പെട്രോളിംങും നടത്തും.
എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും സി.ഐ ഓഫിസുകളിലും നല്‍കിയിട്ടുള്ള കാമറകള്‍ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."