സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സംഘാടകസമിതി രൂപീകരണം പൂര്‍ത്തിയായി
പാലാ: തര്‍ക്കങ്ങള്‍ക്കൊടുവില്‍ 61 -ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സംഘാടകസമിതി രൂപീകരണം പൂര്‍ത്തിയായി. സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ വച്ചാകും മേള നടക്കുക. കെ.എം. മാണി എം.എല്‍.എ ചെയര്‍മാനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചിരുന്നെങ്കിലും വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ തെരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ കലാശിച്ചതോടെ കമ്മിറ്റികള്‍ പൂര്‍ണരീതിയില്‍ ആയിരുന്നില്ല.
കായിക മേളയ്ക്കായുള്ള 19 സബ് കമ്മിറ്റികള്‍ ഓരോന്നിന്റെയും കണ്‍വീനര്‍മാര്‍ വിവിധ അധ്യാപക സംഘടനകളുടെ പ്രതിനിധികളാണ്. പാലായിലും തിരുവനന്തപുരത്തും അധ്യാപക സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നെങ്കിലും വിവിധ സബ് കമ്മറ്റികളുടെ കണ്‍വീനര്‍ സ്ഥാനത്തിനു വേണ്ടിയുള്ള പിടിവലി ശക്തിപ്രാപിച്ചതോടെ സബ്കമ്മിറ്റി രൂപീകരണം വൈകി. പ്രധാന തര്‍ക്കവിഷയമായിരുന്ന ഭക്ഷണകമ്മിറ്റി ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ.യ്ക്ക് നല്‍കി. വിദ്യാഭ്യാസ വകുപ്പ് കായികവിഭാഗം മേധാവി ഡോ. ചാക്കോ ജോസഫിന്റെ നേതൃത്വത്തില്‍ പാലായില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗമാണ് കമ്മിറ്റി രൂപീകരണം പൂര്‍ത്തിയാക്കിയത്. ഇതോടെ എല്ലാ സബ് കമ്മിറ്റികളും വ്യാഴാഴ്ചയോടെ ചുമതല ഏല്‍ക്കുകയും ചെയ്തു.
സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി.യുടെ നേതൃത്വത്തില്‍ സബ് കമ്മറ്റികള്‍ ഓരോന്നും പാലായില്‍ പ്രത്യേകം യോഗം ചേര്‍ന്ന് കായിക മേളയുടെ വിജയത്തിനായിട്ടുള്ള വിവിധ പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. നഗരസഭാദ്ധ്യക്ഷ ലീനാ സണ്ണി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബെറ്റി റോയി, പെണ്ണമ്മ ജോസഫ്, ഡോ. ചാക്കോ ജോസഫ്, ഡോ. ജിമ്മി. കെ. ജോസ്, ജനറല്‍ കണ്‍വീനര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സംഘാടക സമിതി യോഗത്തില്‍ പ്രസംഗിച്ചു.
പി.എന്‍ കുരുവിള(ഭക്ഷണം), എസ്. സന്തോഷ് കുമാര്‍ (പ്രചാരണം), ജയിംസ് സേവ്യര്‍ (സ്വീകരണം) കെ.എസ്. വിനീത് (ഗതാഗതം), സുധീഷ് കെ. നായര്‍ (വെല്‍ഫെയര്‍), സിബി ആന്റണി (രജിസ്‌ട്രേഷന്‍), സിജി സെബാസ്റ്റ്യന്‍ (താമസം), ടി.എ നിഷാദ് (സ്റ്റേജ്), ജി. രാജേഷ് (ലൈറ്റ് ആന്‍ഡ് സൗണ്ട്), മുഹമ്മദ് യസീന്‍ (ട്രോഫി), ആര്‍. ജിജി (ഫിനാന്‍സ്), റോയി മാത്യു (ഗ്രീന്‍ പ്രോട്ടോക്കോള്‍) എന്നീ സംഘടനാ പ്രതിനിധികളെയാണ് വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി തെരഞ്ഞടുത്തത്. വിവിധ സംഘടനകളുടെയും പ്രമുഖ വ്യക്തികളെയും ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ വിപുലീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ ലീന സണ്ണി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ബെറ്റി റോയി, ജില്ലാ ആസൂത്രണ സമിതി അംഗം ജയ്‌സണ്‍ മാന്തോട്ടം, ബൈജു കൊല്ലംപറമ്പില്‍, എസ്. സന്തോഷ്, പി.എ ഇബ്രാഹിം കുട്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."