നോട്ടുനിരോധനം അനാവശ്യമായിരുന്നെന്ന് രഘുറാം രാജന്‍
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച കേന്ദ്രനടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
കേന്ദ്രത്തിന്റെ നടപടി അനാവശ്യമായിരുന്നുവെന്ന് അദ്ദേഹം തന്റെ പ്രസംഗങ്ങളുടെ കൂട്ടമായ 'ഐ ഡു വാട്ട് ഐ ഡു' എന്ന പുസ്തകത്തില്‍ പറയുന്നു.
1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച നടപടിയെ താന്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. നോട്ടുനിരോധനത്തിനു തീരുമാനമെടുത്ത സമിതിയില്‍ താന്‍ അംഗമായിരുന്നില്ല. താന്‍ ഗവര്‍ണര്‍ ആയിരുന്ന ഒരു സമയത്തും നോട്ടു നിരോധിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
സാമ്പത്തിക ശുദ്ധീകരണത്തിനു നോട്ടുനിരോധനം മാത്രമല്ല പോംവഴിയെന്നും അതിനേക്കാന്‍ മികച്ച വേറെയും മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നെന്നും രഘുറാം രാജന്‍ പറയുന്നു.
2016 ഫെബ്രുവരിയില്‍ തന്നോട് നോട്ടുനിരോധനത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. എന്നാല്‍ താന്‍ അതിനു രേഖാമൂലമുള്ള മറുപടി നല്‍കിയിരുന്നില്ല. നോട്ടുനിരോധനം മൂലം ദീര്‍ഘകാലത്തേക്ക് നേട്ടമുണ്ടാകും എന്നു പറയുന്നുണ്ടെങ്കിലും കുറച്ചുകാലത്തേക്ക് അതുണ്ടാക്കുന്ന സാമ്പത്തിക ഭാരം താങ്ങാവുന്നതിലും അപ്പുറമാണെന്ന് താന്‍ പറഞ്ഞിരുന്നതായും പുസ്തകത്തില്‍ പറയുന്നു.
ഇതാദ്യമായാണ് രഘുറാം രാജന്‍ നോട്ടുനിരോധനത്തെക്കുറിച്ച് പ്രതികരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് രാജ്യത്തെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത്. ആ വര്‍ഷം സെപ്റ്റംബര്‍ മൂന്നിനാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍നിന്നു വിരമിക്കുന്നത്.
അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിരോധിക്കപ്പെട്ട 15.44 ലക്ഷം കോടി മൂല്യമുള്ള 500,1000 രൂപ കറന്‍സികളില്‍ 15.28 കോടിയുടെ നോട്ടുകളും തിരിച്ചെത്തിയെന്നാണ് കണക്ക് വ്യക്തമാക്കിയിരുന്നത്. നോട്ട് നിരോധിച്ചതുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എത്തിയ നോട്ടുകളുടെ കണക്കാണിത്.
അസാധുവാക്കിയ ആയിരത്തിന്റെ 89 ദശലക്ഷം നോട്ടുകളില്‍ 8,900 കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് തിരികെയെത്താത്തതെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്. വിനിമയത്തില്‍ പുതുതായി പുറത്തിറക്കിയ 2000 രൂപ നോട്ടുകളുടെ അനുപാതം മാര്‍ച്ച് അവസാനത്തോടെ 50 ശതമാനമായി. 2016-17 കാലയളവിലേക്കായി പുതിയ നോട്ട് അച്ചടിക്കുന്നതിന് 7,965 കോടി രൂപ ചെലവായി. കറന്‍സി വിനിമയം മാര്‍ച്ച് അവസാനത്തോടെ 20.2 ശതമാനമായി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."