'ഇടുക്കി ഗോള്‍ഡ് ' തേടി വിദേശികളും; ഉറവിടമറിയാതെ എക്‌സൈസ്
തൊടുപുഴ: ഇടുക്കിയിലെ 'നീലച്ചടയന്‍' തേടി വിദേശീയരും മലകയറുന്നു. ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചാവ് തേടിയാണ് ഇവരുടെ വരവ്. കഞ്ചാവിന്റെ മറ്റൊരു കേന്ദ്രമായ ആന്ധ്രയില്‍ നിന്ന് ലഭിക്കുന്നതിലും ഇരട്ടി വിലയും ഇവിടെ ലഭിക്കുന്നുണ്ട്.
ഇടുക്കിയിലെ കഞ്ചാവ് കൃഷിയുടെയും വില്‍പനയുടെയും കേന്ദ്രം കണ്ടെത്താനാകാതെ എക്‌സൈസ് അധികൃതര്‍ വിയര്‍ക്കുകയാണ്. ജില്ലയില്‍ കഞ്ചാവ് കൃഷി ഉണ്ടെങ്കിലും കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്‌നമെന്നു എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ് പറഞ്ഞിരുന്നു.മതികെട്ടാന്‍ നാഷണല്‍ പാര്‍ക്കിന്റെ ചില മേഖലയില്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കഞ്ചാവ് കൃഷിയുണ്ടെന്ന് സൂചനയുണ്ട്. മീശപ്പുലിമലയുടെ ചെങ്കുത്തായ പ്രദേശത്തും കഞ്ചാവുചെടികള്‍ ഉള്ളതായാണു വിവരം. ഇടമലക്കുടി ആദിവാസി കോളനിയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ ഉള്‍പ്രദേശത്തും കഞ്ചാവ് കൃഷി ചെയ്തിട്ടുണ്ടെന്ന് സൂചനയുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ കഞ്ചാവ് കൃഷിയുണ്ടെന്നു പറയപ്പെടുന്നു.
ഹൈറേഞ്ച് മേഖലയിലുള്ള ചില യുവാക്കളുടെ നേതൃത്വത്തില്‍ ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലയില്‍ കഞ്ചാവ് കൃഷി നടത്തുന്നതായും എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ആന്ധ്രയില്‍ വന്‍തോതില്‍ കൃഷിചെയ്യുന്ന കഞ്ചാവ് ട്രെയിന്‍ മാര്‍ഗം തമിഴ്‌നാട്ടിലെ കമ്പത്ത് എത്തിച്ചശേഷം അവിടെനിന്ന് കേരളത്തിലേക്കു കടത്തുകയാണ്. വെറും 2500 രൂപയ്ക്ക് ഇത്തരത്തില്‍ ഒരു കിലോ കഞ്ചാവ് ലഭിക്കുമ്പോള്‍ ഇടുക്കിയില്‍ കൃഷി ചെയ്യാനുള്ള സാധ്യത കുറവാണെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴുതപ്പുറത്ത് കെട്ടി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന രീതി വീണ്ടും തുടങ്ങിയതായും എക്‌സൈസിനു വിവരം ലഭിച്ചിരുന്നു.
ബോഡിമെട്ട്, ചതുരംഗപ്പാറമെട്ട് എന്നിവിടങ്ങളില്‍ കൂടിയാണ് ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്ന കഞ്ചാവ് ഇടുക്കിയിലേക്ക് കടത്തുന്നതിന് അതിര്‍ത്തി പ്രദേശം സഹായകരമാണ്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തിയായതിനാല്‍ ഉദ്യോഗസ്ഥരുടെ കണ്ണില്‍പെടാതെ ജില്ലയിലേക്കു കടത്താന്‍ ഊടുവഴികള്‍ ഏറെയാണ്. ഇതുള്‍പ്പെടെയുള്ളവ കര്‍ശനമായി നിരീക്ഷിച്ച് വരികയാണെന്നും കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായി വിപുലമായ ശ്രമം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
17 കോടിയുടെ ഹാഷിഷ് ഓയില്‍ കഴിഞ്ഞ ദിവസം കട്ടപ്പനക്ക് സമീപത്തുനിന്ന് പിടികൂടിയിരുന്നു. ചെറിയ തോതിലുള്ള കഞ്ചാവ് കടത്ത് കേസ് പിടിക്കപ്പെടാത്ത ദിവസങ്ങള്‍ ഇടുക്കിയിലില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."