വൈകി ഉദിച്ച വിവേകം: സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരേ പ്രതിഷേധം ശക്തമാക്കേണ്ട സമയത്ത് മാളത്തിലൊളിച്ച കോണ്‍ഗ്രസിന് അവസാനം ബോധോദയം. മദ്യനയത്തിനെതിരേ ഒറ്റയ്ക്ക് പോരാടാന്‍ സുധീരന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍ക്കാരിന്റെ മദ്യവ്യാപന നയത്തിനെതിരേ കോണ്‍ഗ്രസ് പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ മദ്യ നയം പ്രഖ്യാപിച്ച് ബാറുകള്‍ തുറന്നിട്ടും പ്രതിഷേധവുമായി കോണ്‍ഗ്രസില്‍ നിന്ന് ആരും വന്നിരുന്നില്ല. മാത്രമല്ല മദ്യവില്‍പനശാലകള്‍ അനുവദിക്കുന്നതിനുള്ള അനുമതി തദ്ദേശസ്ഥാപനങ്ങളില്‍നിന്നു മാറ്റിക്കൊണ്ടുള്ള ബില്‍ നിയമസഭയില്‍ വന്നപ്പോള്‍ അതിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോലും യു.ഡി.എഫ് തയാറായിരുന്നില്ല. രണ്ടു തവണയും ബില്‍ വന്നപ്പോള്‍ യു.ഡി.എഫ്. നിയമസഭ ബഹിഷ്‌കരിച്ചു. ഇപ്പോള്‍ ദൂരപരിധി 50 മീറ്ററായി കുറച്ചിട്ടും വേണ്ടത്ര പ്രതിഷേധം ഉയര്‍ന്നിട്ടില്ല. ഇത്തരത്തില്‍ പാര്‍ട്ടിയും മുന്നണിയും പിന്നോക്കം പോകുന്ന സാഹചര്യത്തിലാണ് സുധീരന്‍ തന്നെ നേരിട്ട് സമരരംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചത്.
ക്രൈസ്തവ സഭകളെയും സാമൂഹിക സംഘടനകളെയും ഒപ്പംകൂട്ടിയാണ് സമരം നടത്താന്‍ സുധീരന്‍ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം സുധീരന്‍ തിരുവനന്തപുരം ബിഷപ് ഹൗസിലെത്തി ലത്തീന്‍ അതി രൂപതാ മെത്രാന്‍ സൂസെപാക്യവുമായി ചര്‍ച്ച നടത്തിയിരുന്നു. വരുന്ന 12ന് വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ച് സമര പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനം. തൊട്ടുപിന്നാലെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്ത് പാര്‍ട്ടി മദ്യനയത്തിനെതിരേ 11ന് പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 11ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലും ഡി.സി.സികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്നായിരുന്നു എം.എം ഹസന്റെ പ്രഖ്യാപനം.
ഹസന്റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിപക്ഷ നേതാവ് ചാനലുകളെ വിളിച്ച് മറ്റൊരു പ്രഖ്യാപനവും നടത്തി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ യു.ഡി.എഫും കോണ്‍ഗ്രസും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും, ഈ മാസം 14 ന് ചേരുന്ന യു.ഡി.എഫ് യോഗം വിശദമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം. മദ്യലഭ്യത കുറയ്ക്കുക എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം ഇടതുസര്‍ക്കാര്‍ മുഴുവന്‍ പൊളിച്ചെഴുതിയെങ്കിലും പ്രതിഷേധം ഒരുഭാഗത്തുനിന്നും കാര്യമായിട്ടില്ലെന്ന അഭിപ്രായമാണ് സുധീരനും അദ്ദേഹത്തോടൊപ്പമുള്ളവര്‍ക്കുമുള്ളത്.
യു.ഡി.എഫിന് ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ച മദ്യനയത്തിനു രൂപം നല്‍കിയവര്‍പോലും വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. സുധീരനുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ ബാറുകള്‍ മുഴുവന്‍ അടപ്പിച്ച് കഴിഞ്ഞ സര്‍ക്കാരിനെ തന്നെ കുടുക്കിലാക്കിയ നിലപാടെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."