കതിരൂര്‍ മനോജ് വധം: സി.പി.എം നിയമയുദ്ധത്തിലേക്ക്
തലശേരി: ആര്‍.എസ്.എസ് നേതാവായിരുന്ന കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം നേതാക്കളെ പ്രതി ചേര്‍ത്ത് സി.ബി.ഐ കുറ്റപത്രം നല്‍കിയതോടെ നിയമയുദ്ധവും തെരുവു പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി തീരുമാനം. തലശേരി ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ കാരായിമാരെ പ്രതി ചേര്‍ത്തത് പോലെ സി.ബി.ഐ മനോജ് കേസിലും സി.പി.എം നേതാക്കളെ വേട്ടയാടുന്നെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.
സി.ബി.ഐ നടപടിയില്‍ സെപ്റ്റംബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത.് ഇതിന് പുറമെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി.ഐ മധുസൂദനനെയും യു.എ.പി.എ ഉള്‍പ്പെടുത്തി പ്രതി ചേര്‍ത്തതിനെതിരേ സംസ്ഥാന വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്കും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയെന്ന നിലയിലുള്ള പ്രചാരണ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്. കേന്ദ്ര ഭരണത്തിലിരിക്കുന്ന ബി.ജെ.പി, സി.ബി.ഐയെ ചട്ടുകമാക്കുന്നെന്നാണ് വിലയിരുത്തല്‍.
അതിനിടെ, മനോജ് വധക്കേസിലെ പ്രതി പട്ടികയില്‍നിന്ന് സി.പി.എം നേതാക്കളെ ഒഴിവാക്കി കിട്ടാന്‍ വിടുതല്‍ ഹരജി ഉള്‍പ്പെടെയുള്ള നിയമ പോരാട്ടത്തിനും പാര്‍ട്ടി തീരുമാനമാനിച്ചിട്ടുണ്ട്. ഇതിന് നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മനോജ് വധക്കേസില്‍ യു.എ.പി.എ ഉള്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ അനുമതിയോടെയല്ലെന്നാണ് സി.പി.എം വാദം. ആഭ്യന്തര വകുപ്പിന്റെ അനുവാദത്തോടെയാണ് യു.എ.പി.എ ഉള്‍പ്പെടുത്തിയതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ബി.ഐ ഡിവൈ.എസ്.പി ഹരിഓം പ്രകാശ് പറഞ്ഞു. കേസില്‍ നേരത്തെ തന്നെ പ്രതികള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയിരുന്നു. ഇതിന് കഴിഞ്ഞ സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. ഇനി പുതുതായി ഇക്കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് അനുമതി തേടേണ്ടതില്ല. എന്നാല്‍, യു.എ.പി.എ ഈ കേസില്‍നിന്ന് ഒഴിവാക്കി കിട്ടാനും നിയമ പോരാട്ടം നടത്താനുള്ള തയാറെടുപ്പിലാണ് സി.പി.എം നേതൃത്വം. പി. ജയരാജന്‍ മനോജ് വധത്തിലെ മുഖ്യസൂത്രധാരനെന്ന കുറ്റപത്രത്തിലെ റിപ്പോര്‍ട്ടിനെതിരേ കോടതിയില്‍ ശക്തമായ വാദം നടത്താന്‍ പ്രതിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്.
സി.ബി.ഐ കോടതിയില്‍ നല്‍കിയ കുറ്റപത്ര പ്രകാരം ജയരാജന്‍ 25ാം പ്രതിയാണെങ്കിലും കേസ് നടപടികള്‍ ആരംഭിച്ചാല്‍ മുഖ്യപ്രതി സ്ഥാനത്ത് ജയരാജനെ പ്രതിഷ്ഠിക്കാനുള്ള നീക്കവും സി.ബി.ഐ നടത്തുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയായ വിക്രമന്റെ കുടുംബ സുഹൃത്തായ പി. ജയരാജന്റെ താല്‍പര്യത്തിലാണ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ സംഘം വിലയിരുത്തുന്നത്.
പാര്‍ട്ടി സമ്മേളനം ആരംഭിക്കാനിരിക്കെ ജില്ലാ സെക്രട്ടറിയെ യു.എ.പി.എ വകുപ്പിലുള്‍പ്പെട്ട കൊലപാതക കേസില്‍ തളച്ചത് ഗൂഢനീക്കമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന്‍ മത്സര രംഗത്ത് ഇറങ്ങാനിരിക്കെയാണ് മനോജ് കേസില്‍ അറസ്റ്റ് ഉണ്ടായതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."