അദ്വാനിയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥന്‍ ബി.ജെ.പി മന്ത്രിസഭയില്‍
ന്യൂ ഡല്‍ഹി: 26 വര്‍ഷം മുന്‍പ് യു.പിയിലെ അയോധ്യയിലേക്ക് രഥവുമായി പുറപ്പെട്ട ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ അറസ്റ്റ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആര്‍.കെ സിങ് മോദി സര്‍ക്കാരില്‍ മന്ത്രിയായി.
എല്‍.കെ അദ്വാനിയുടെ രഥയാത്ര ബിഹാറില്‍ പ്രവേശിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു.
ഗുജറാത്തിലെ സോംനാഥില്‍ നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്കുള്ള അദ്വാനിയുടെ രഥയാത്ര തടയാന്‍ ലാലുപ്രസാദ് യാദവ് തെരഞ്ഞെടുത്തത് രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ്. അതില്‍ ഒരാളാണ് ഇന്നലെ മോദി മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ രാജ് കുമാര്‍ സിങ് എന്ന ആര്‍.കെ സിങ്.
1990 ഒക്ടോബറിലായിരുന്നു ആര്‍.കെ സിങ് ബിഹാര്‍ സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്തിരുന്നത്. അദ്വാനിയുടെ രഥയാത്ര തടയാന്‍ രാവിലെ ഹെലികോപ്ടറില്‍ സമസ്തിപൂരിലേക്ക് ഐ.പി.എസ് ഓഫിസര്‍ രാമേശ്വര്‍ ഒറാണിനൊപ്പം അദ്വാനി താമസിച്ചിരുന്ന സ്ഥലത്തെത്തി വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്തത് ആര്‍.കെ സിങ്ങായിരുന്നു.
അയോധ്യയില്‍ രാമക്ഷേത്രം ആവശ്യപ്പെട്ടുള്ള എല്‍.കെ അദ്വാനിയുടെ രഥയാത്രയെ മാറ്റിമറിച്ച സംഭവമായിരുന്നു അറസ്റ്റ്.
അദ്വാനിയുടെ അറസ്റ്റിനു ശേഷം ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. അദ്വാനി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി.വര്‍ഷങ്ങള്‍ക്ക് ശേഷം അദ്വാനിയെ അറസ്റ്റ് ചെയ്ത 1975 ബാച്ചിലെ ബിഹാര്‍ കേഡറിലെ ആ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ 64ാം വയസില്‍ ബി.ജെ.പി മന്ത്രിസഭയിലെത്തി. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായും ആര്‍.കെ സിങ് പ്രവര്‍ത്തിച്ചിരുന്നു. 2014ന് മുന്‍പായിരുന്നു ബി.ജെ.പിയില്‍ സിങ് ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ബിഹാറിലെ അരായില്‍ നിന്നും എം.പിയായി.
അതേസമയം ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവായ അദ്വാനിയാകട്ടെ മോദി പ്രഭയില്‍ തഴയപ്പെട്ട് പിന്നണിയിലേക്ക് തള്ളപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."